കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പേവാർഡുകൾ മാർച്ച് 24ന് തുറക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. കോവിഡ് കേസുകൾ തുടങ്ങിയ 2020 മുതൽ രോഗികളെ ചികിത്സിക്കാനായി ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയതായിരുന്നു പേവാർഡുകൾ. രണ്ടു വർഷമായി ഐസൊലേഷൻ വാർഡായി പ്രവർത്തിക്കുകയായിരുന്നു.
കോവിഡ് കേസുകൾ രൂക്ഷമായപ്പോഴെല്ലാം ചികിത്സ സൗകര്യങ്ങൾ പേവാർഡിൽ ഒരുക്കിയിരുന്നു. പിന്നീട് പി.എം.എസ്.എസ്.വൈ ബ്ലോക്ക് ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റി അവിടേക്ക് രോഗികളെ പ്രവേശിപ്പിച്ചു. അതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കോവിഡ് രോഗികൾ ഒഴിഞ്ഞത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും കുറഞ്ഞു. അതേസമയം, മറ്റു രോഗികളുടെ എണ്ണം വർധിക്കാനും തുടങ്ങി. വാർഡുകൾക്കപ്പുറം വരാന്തകളും നിറഞ്ഞു മറ്റു രോഗികൾ ചികിത്സ തേടുന്ന പശ്ചാത്തലത്തിലാണ് പേവാർഡുകൾ ഇനിയും അടച്ചിടേണ്ടതില്ലെന്ന തീരുമാനം അധികൃതർ കൈക്കൊണ്ടത്.
കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ കീഴിലാണ് പേവാർഡുകൾ പ്രവർത്തിക്കുന്നത്. നൂറിലേറെ വരുന്ന പേവാർഡുകൾ കോവിഡാനന്തരം അറ്റകുറ്റപ്പണി നടത്തി പൂർണ പ്രവർത്തനസജ്ജമായിരുന്നെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നഴ്സുമാരെ ലഭ്യമാക്കാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞാണ് ഇതുവരെയും തുറക്കാതിരുന്നത്. ആശുപത്രിയിൽ തന്നെ വേണ്ടത്ര നഴ്സുമാരില്ലെന്നും കെ.എച്ച്.ആർ.ഡബ്ല്യു.എസ് തന്നെ നഴ്സുമാരെ നിയമിക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം. എന്നാൽ, അതിന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് തയാറായില്ല.
നാലു നഴ്സുമാരുണ്ടെങ്കിൽ പ്രവർത്തനം ആരംഭിക്കാവുന്നതാണെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതർ പറയുന്നു. 500 രൂപയുടെ ജനത വാർഡുകൾ, 600 രൂപക്ക് ഡീലക്സ്, 1000 രൂപക്ക് എ.സി ഡീലക്സ് എന്നിങ്ങനെയാണ് പേവാർഡുകളുടെ ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.