കോഴിക്കോട്: നഗരത്തിന്റെ കൂടിച്ചേരലുകൾക്ക് ഇനി അന്താരാഷ്ട്ര സൗകര്യം.15 കോടി രൂപ ചെലവിട്ട് കോർപറേഷൻ നിർമിച്ച ആധുനിക സൗകര്യങ്ങളുള്ള പി. കൃഷ്ണപ്പിള്ള മെമ്മോറിയൽ ഓഡിറ്റോറിയം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
നഗരപരിധിയിൽ കോവൂരിൽ 1.43 ഏക്കറിലാണ് മനോഹരമായ ഈ ഓഡിറ്റോറിയം പണികഴിപ്പിച്ചിരിക്കുന്നത്. ഭംഗിയായി ഒരുക്കിയ രണ്ട് ലോബികളാണ് പ്രധാനമായുള്ളത്. ഇരു നിലകളിലുള്ള കെട്ടിടത്തിന് 27000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരു സമയം 300 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ് ഹാൾ, ഓഫീസ്, ഗ്രീൻ റൂം, അടുക്കള, ശുചിമുറി എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്.
ഈ നിലയിൽ ചെറിയൊരു സ്റ്റേജുമുണ്ട്. ഒന്നാം നിലയിലെ ശീതീകരിച്ച ഓഡിറ്റോറിയത്തിൽ 420 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. സ്റ്റേജ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഗ്രീൻ റൂമുകൾ, ശുചിമുറികൾ, പ്രധാന ലോബി എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിശാലമായ പാർക്കിങ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. 70 കാറുകൾക്കും അഞ്ച് ബസിനും 200 ബൈക്കുകൾക്കും ഒരേസമയം പാർക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾക്കും സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും വേണ്ട സൗകര്യങ്ങൾ ഈ ഓഡിറ്റോറിയത്തിലുണ്ട്.
ടാഗോർ ഹാൾ ശോചനീയാവസ്ഥയിലായ സാഹചര്യത്തിൽ നഗരസഭക്ക് നിലവാരമുള്ള മറ്റൊരു ഓഡിറ്റോറിയമൊരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. രണ്ടു നിലകൾ ഒരുമിച്ചും ഒരു നില മാത്രമായും ആവശ്യക്കാർക്ക് നൽകുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.