ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ മണിയൂർ പഞ്ചായത്തിൽ പുതുതായി 110 കെ.വി സബ് സ്റ്റേഷന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു. മണ്ഡലത്തിലെ വോൾട്ടേജ് ക്ഷാമമുൾപ്പെടെ പരിഹരിക്കാൻ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
തിരുവള്ളൂരിൽ നിലവിലെ 33 കെ.വി സബ്സ്റ്റേഷന്റെ സ്ഥാപിതശേഷി 13 എം.വി.എ യിൽനിന്ന് 16 ആയി ഉയർത്തുന്നതിനുള്ള സാങ്കേതിക പഠനം നടത്തിവരുകയാണെന്നും റിപ്പോർട്ട് കിട്ടുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടച്ചേരി ഭാഗത്ത് ഉണ്ടാകുന്ന വൈദ്യുതി മുടക്കം പരിഹരിക്കാൻ വിവിധ പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. മംഗലാട് മിസ്രിയ കോളജ് ഭാഗത്ത് 517 മീറ്റർ എച്ച്.ടി ഓവർ ഹെഡ് ലൈൻ വലിച്ച് 100 കെ.വി.എ ട്രാൻസ്ഫോർമറും മംഗലാട് അക്വഡറ്റ് പ്രദേശത്ത് 625 മീറ്റർ എച്ച്.ടി.ഒ.എച്ച് ലൈനും വലിച്ച് 100 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ട്.
പെരുമുണ്ടച്ചേരി കൈരളി മുതൽ ഉദയം ക്ലബ് വരെ 500 മീറ്റർ 11 കെ.വി ലൈൻ വലിച്ച് 100 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നടപടികൾ പൂർത്തിയാക്കി ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ട്. അരൂർ നടമ്മൽ ഭാഗത്ത് 679 മീറ്റർ ലൈൻ വലിച്ച് റീ റൂട്ടിങ് നടത്തിയിട്ടുണ്ട്.സിസ്റ്റം ഇംപ്രൂവ്മെന്റ് വർക്കിന്റെ ഭാഗമായി എളയടം കൈരളി മുതൽ പെരുമുണ്ടച്ചേരി മസ്ജിദ് വരെ 1052 മീറ്റർ എച്ച്.ടി.ഒ.എച്ച് ലൈൻ വലിച്ച് ഒരു 100 കെ.വി.എ ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുണ്ട്. കുറ്റ്യാടി ടൗണിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്താൻ ഈ ഭാഗത്തേക്ക് മാത്രമായി എ.ബി.സി കേബിൾ ഉപയോഗിച്ച് 5.7 കിലോമീറ്റർ 11 കെ.വി ഫീഡർ ലൈൻ വലിച്ച് കമീഷൻ ചെയ്തതുവഴി തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കിവരുന്നതായും മന്ത്രി അറിയിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന മൊകേരി കലാനഗർ ഭാഗത്തെ വൈദ്യുതി വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നിലവിലെ 3.5 കിലോമീറ്റർ സിംഗിൾ ഫേസ് ലൈൻ എ.ബി കേബിൾ ഉപയോഗിച്ച് ത്രീ ഫേസ് ആക്കി മാറ്റുന്നത് 2023-24 വർഷത്തെ ആർ.ഡി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.