നാദാപുരം: ആധാർ ബന്ധനത്തിൽ വലഞ്ഞ് ബി.എൽ.ഒമാർ. വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനം ഈ മാസം ആരംഭിച്ചിരിക്കുകയാണ്. ഇലക്ഷൻ കമീഷനാണ് ഇതിനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരുടെ ആധാർ പരിശോധിച്ചതിനുശേഷം ഇലക്ഷൻ കമീഷന്റെ പ്രത്യേക മൊബൈൽ ആപ് വഴിയാണ് ലിങ്കിങ് ജോലി പൂർത്തിയാക്കേണ്ടത്.
ഓരോ ബൂത്തിലും ആയിരത്തിലധികം വോട്ടർമാരാണ് നിലവിലെ വോട്ടർ പട്ടികയിലുള്ളത്.
ഇവരുടെ മുഴുവൻ ആധാറും പരിശോധിച്ച് വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ചെയ്തു തീർക്കേണ്ടത്. ഹൈസ്പീഡ് നെറ്റ് കണക്ഷൻ ഇതിന് അത്യാവശ്യമാണ്. എന്നാൽ, റിമോട്ട് ഏരിയകളിൽ പലയിടത്തും നെറ്റ് കണക്ടിവിറ്റിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെയും നിശ്ചിത സമയപരിധിയോ അവധിയോ ഇല്ലാതെ പെട്ടെന്ന് ചെയ്തുതീർക്കണമെന്ന നിർദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ബി.എൽ.ഒമാർ പരാതിപ്പെടുന്നു. വർഷത്തിൽ 6000 രൂപയും ടെലിഫോൺ ചാർജായി 1200 രൂപയുമാണ് പ്രവർത്തനത്തിന് ഇലക്ഷൻ കമീഷൻ പ്രതിഫലമായി നൽകുന്നത്.
ഡേറ്റ ചെലവ് ഏറെ ആവശ്യമുള്ള ഈ പ്രവർത്തനത്തിന് പ്രത്യേക പ്രതിഫലമൊന്നും നൽകുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെല്ലാം ആനുകൂല്യങ്ങൾ നേടിയിട്ടും ഇരട്ടവോട്ടു കണ്ടെത്തൽ, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ലിപ് വിതരണം, ഭിന്നശേഷി വോട്ടർമാർക്കുള്ള സഹായം, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവർത്തനം തുടങ്ങിയ ഭാരിച്ച ചുമതലകൾ നിർവഹിച്ചിട്ടും ബി.എൽ.ഒമാർക്ക് നാമമാത്ര ആനുകൂല്യമായ 7200 രൂപ ഇതുവരെയും നൽകിയിട്ടില്ലെന്നും ബി.എൽ.ഒമാർ പരാതിപ്പെട്ടു.
ഇതിനിടെയാണ് ഓണത്തിനിടയിൽപോലും ആധാർ ലിങ്കിങ്ങുമായി ബി.എൽ.ഒമാർക്ക് വീടുകൾ കയറിയിറങ്ങാൻ വീണ്ടും നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.