കോഴിക്കോട്: നീണ്ടതാടിയും അയഞ്ഞ ഷർട്ടുമായി കോഴിക്കോട്ടെ സാംസ്കാരികവേദികൾക്കരികിലെ നിറഞ്ഞ സാന്നിധ്യം മാത്രമായിരുന്നില്ല അന്തരിച്ച മധു മാഷ്. ജോൺ അബ്രഹാം 'മധു മാർക്സ്' എന്ന് വിളിച്ചിരുന്ന ഈ സാംസ്കാരികപ്രവർത്തകൻ അനീതികളോട് പടപൊരുതിയ കലാകാരൻ കൂടിയായിരുന്നു. കോഴിക്കോട്ടുകാർക്ക് മധു മാഷും പുറത്തുള്ളവർക്ക് മധു മാസ്റ്ററുമായിരുന്നു. വിപ്ലവവും അതിവിപ്ലവവും എതിർവിപ്ലവവും നടത്തിയ അധ്യാപകനും നാടകകാരനുമായിരുന്നു മധു മാഷ്.
സുകുമാർ അഴീക്കോടിന്റെയും സാക്ഷാൽ കെ. കരുണാകരന്റെയും വേദികളിൽ ചെന്ന് 'അലമ്പു'ണ്ടാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരം അദ്ദേഹത്തിന് ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. നാടകവേദികളിൽ ഉച്ചത്തിൽ എതിർശബ്ദമുയർത്തുമ്പോഴും കാണികളും നാടകപ്രവർത്തകരും മധു മാഷെ വെറുത്തില്ല. പിന്നീട് മദ്യപാനത്തോട് വിടപറഞ്ഞു. കോവിഡ്കാലത്ത് വീട്ടിൽതന്നെ കഴിഞ്ഞുകൂടുകയായിരുന്നു.
വയനാട്ടിൽനിന്ന് കോഴിക്കോട്ടെത്തിയതായിരുന്നു ഇദ്ദേഹത്തിന്റെ പിതാവും കുടുംബവും. ഏഴാം ക്ലാസിനു ശേഷം വയനാട്ടിലായിരുന്നു പഠനം. 10ാം ക്ലാസിൽ ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ നാടകങ്ങളിലഭിനയിച്ചു.
എസ്.എഫ്.ഐയുടെ ആദ്യരൂപമായിരുന്ന കെ.എസ്.എഫിലെ സജീവ പ്രവർത്തനവുമുണ്ടായിരുന്നു. പ്രീഡിഗ്രി പൂർത്തിയാക്കിയെങ്കിലും ബിരുദത്തിനു ചേർന്നില്ല. അധ്യാപക പരിശീലനം പൂർത്തിയാക്കി. നക്സൽബാരി വിപ്ലവ കാലത്ത് അത്തരം ആശയങ്ങളോട് ആഭിമുഖ്യമായിരുന്നു.
1971ൽ വയനാട്ടിൽ അധ്യാപകനായതോടെ നക്സൽ പ്രവർത്തകനായി. രണ്ടര വർഷത്തോളം ജയിലിൽ കിടക്കാനും കാരണമായത് നക്സൽ ആഭിമുഖ്യംതന്നെ. സി.പി.ഐ-എം.എൽ പ്രസ്ഥാനത്തിനുവേണ്ടി നാടകരംഗത്തും സജീവമായിരുന്നു. ആരുടെ മുന്നിലും തോറ്റുകൊടുക്കാത്ത മധു മാസ്റ്റർ 80കളുടെ ആദ്യം സി.പി.ഐ-എം.എല്ലുമായും തെറ്റി. മാക്സിം ഗോർക്കിയുടെ 'അമ്മ' നാടകം കളിക്കുന്നതിന് പല നിബന്ധനകളും സംഘടന മുന്നോട്ടുവെച്ചത് താൻ അനുസരിച്ചില്ലെന്ന് മധു മാഷ് ഒരിക്കൽ പറഞ്ഞിരുന്നു. പറഞ്ഞാൽ കേൾക്കാത്ത ഇദ്ദേഹത്തെ രണ്ട് സി.പി.ഐ-എം.എൽ സഖാക്കൾ കോഴിക്കോട് ടൗൺഹാളിലിട്ട് പൊതിരെ തല്ലി. 1981ൽ നടന്ന ഈ സംഭവത്തിനു ശേഷമാണ് മദ്യപാനിയായി മാറിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പി.എ. ബക്കറുടെ 'സംഘഗാനം' സിനിമയുടെ ചിത്രീകരണത്തിനിടെ പണം തികയാതെ വന്നപ്പോൾ സഹാധ്യാപകരുടെ ശമ്പളമടക്കം കടംവാങ്ങി അണിയറ പ്രവർത്തകർക്ക് നൽകിയിരുന്നു. നിരവധി നാടകങ്ങൾ രചിച്ചിരുന്നെങ്കിലും കൈയെഴുത്തുപ്രതികൾ പൊലീസ് പിടിച്ചുകൊണ്ടുപോയതിനാൽ പിന്നീട് പ്രസിദ്ധീകരിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.