കോഴിക്കോട്: മഹിളാമാൾ തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച വൈകീട്ട് കോർപറേഷൻ അധികൃതരുമായി സംരംഭകർ നടത്തിയ േയാഗത്തിലും മാൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. മാനേജ്മെൻറുമായി ചർച്ചചെയ്തശേഷം തീരുമാനം അറിയിക്കാമെന്നാണ് അധികൃതർ സംരംഭകരോട് പറഞ്ഞത്.
മാൾ തുറക്കണമെന്നതായിരുന്നു സംരംഭകരുടെ പ്രധാന ആവശ്യം. അതോടൊപ്പം വാടക കുറക്കണം, കാര്യക്ഷമമല്ലാത്ത മാനേജ്മെൻറിനെ മാറ്റണം, ഇതുവരെ നൽകിയ വാടകയുടെയും അഡ്വാൻസ് തുകയുടെയും കണക്കുകൾ വ്യക്തമാക്കണം, മാൾ കോർപറേഷൻ ഏറ്റെടുക്കണം തുടങ്ങി 12ഓളം നിബന്ധനകളാണ് സംരംഭകർ മുന്നോട്ടുവെച്ചത്. ഇക്കാര്യങ്ങൾ മാനേജ്മെൻറുമായി ചർച്ചചെയ്തശേഷം വിവരമറിയിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് അനുരഞ്ജന നടപടികളിലേക്ക് എത്തിയത്. ചൊവ്വാഴ്ച മുതൽ ഉടമസ്ഥർ മാളിലെത്തി വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. പച്ചക്കറിക്കടയടക്കം ചില കടകൾ തുറന്നിട്ടുണ്ടെന്നും സംരംഭകർ വ്യക്തമാക്കി.
കോവിഡിെൻറ പശ്ചാത്തലത്തിൽ മാർച്ചിൽ പൂട്ടിയ മാൾ ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. അതിനിടെ മാൾ പ്രവർത്തനം നിർത്താൻ പോവുകയാണെന്നും സംരംഭകർ ഒഴിഞ്ഞുപോകണമെന്നും ചൂണ്ടിക്കാട്ടി ഉടമസ്ഥർ വക്കീൽ നോട്ടീസും അയച്ചിരുന്നു.അതിനു പിറകെ സംരംഭകർ അധികൃതരുമായി ചർച്ച നടത്തുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതിനെ തുടർന്നാണ് അധികൃത തലത്തിൽ ചർച്ചകൾക്ക് വഴിവെച്ചത്.
സംരംഭകരിൽ പലർക്കും വാടക കുടിശ്ശിക ഉണ്ടെന്നാണ് ഉടമകൾ ആരോപിക്കുന്നത്. എന്നാൽ, സമീപ പ്രദേശങ്ങളിലൊന്നുമില്ലാത്ത വാടകയാണ് മഹിളാമാളിൽ ഇൗടാക്കുന്നതെന്നും അതിനൊത്ത സൗകര്യങ്ങൾ നൽകുന്നില്ലെന്നും സംരംഭകരും കുറ്റപ്പെടുത്തുന്നു.അതേസമയം, വാടക കുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വാക്കാൽ മാത്രമാണ് പറഞ്ഞതെന്നും രേഖാമൂലം ഉറപ്പായാൽ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാനാകൂവെന്നും സംരംഭകർ വ്യക്തമാക്കി.
മഹിള മാൾ സമരത്തിന് ഐക്യദാർഢ്യം
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിെൻറ പേരുപറഞ്ഞ് വനിത സംരംഭകരെ വഞ്ചിച്ച സർക്കാർ മാപ്പുപറയണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ് സുബൈദ കക്കോടി. മഹിള മാൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സൗകര്യങ്ങൾ മാളിൽ വാഗ്ദാനം ചെയ്ത് സ്ത്രീ സംരംഭകരെ ആകർഷിക്കുകയും ഒന്നും നടപ്പാക്കാതെ വഞ്ചിക്കുകയുമാണ് കുടുംബശ്രീ മിഷൻ ചെയ്തത്. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി.
വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തൗഹീദ കുന്ദമംഗലം, ദുർഗാദേവി, മുബീന വാവാട്, പി.പി. ജമീല എന്നിവർ സംസാരിച്ചു. ബൽക്കീസ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.