കോഴിക്കോട്: മണിപ്പൂർ കലാപം സ്പോൺസേഡ് അജണ്ടയാണെന്നും അതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനിരാജ. സി.പി.ഐ കോഴിക്കോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സംസ്ഥാന സർക്കാറും ആർ.എസ്.എസും സ്പോൺസേഡ് ചെയ്ത അജണ്ടയാണ് മണിപ്പൂരിലേത്. 2025ഓടെ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആർ.എസ്.എസ് അജണ്ട. ഗുജറാത്തിൽ വിജയംകണ്ട ശേഷം ബിഹാറിലും ഒഡിഷയിലും ഝാർഖണ്ഡിലുമെല്ലാം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന അജണ്ട. അതിനൊപ്പം കോർപറേറ്റ് താൽപര്യവുമുണ്ട്. ഒന്നിച്ചുനിൽക്കാനാണ് ഗോത്ര-ജാതി ഭേദമെന്യേ മണിപ്പൂരികൾ ആഗ്രഹിക്കുന്നത്.
അവരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള തന്ത്രം സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറിന്റെ അജണ്ടയാണ്. കലാപം നിയന്ത്രിക്കാൻ പൊലീസിന് നിർദേശം നൽകാതെ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയായിരുന്നുവെന്നും ആനിരാജ ചൂണ്ടിക്കാട്ടി.
മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരത്ത് നടന്ന പരിപാടിയിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, ടി.വി. ബാലൻ, പി. വസന്തം, പി.കെ. ഗോപി, ഖദീജ മുംതാസ്, ടി.കെ. രാജൻ, പി.കെ. നാസർ, ആർ. ശശി, സുരേഷ് ബാബു, കെ.പി. ബിനൂപ്, സി.കെ. ബിജിത്ത് ലാൽ, ഗവാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.