ചെറുവാടി: കോഴിക്കോട് - ഊട്ടി ഹൃസ്വ പാതയുടെ ഭാഗമായ മാവൂർ ചെറുവാടി എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. എളമരം കടവ് മുതൽ എരഞ്ഞിമാവു വരെ ആറ് കോടി മുടക്കിയാണ് നവീകരണം. അഞ്ജന കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത് 10 മാസം കൊണ്ട് പൂർത്തിയാക്കാനാണ് കരാർ. വീതി കുറഞ്ഞ, കുപ്പിക്കഴുത്ത് വളവുകളുള്ള എളമരം കടവ് മുതൽ കൂളിമാട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് സ്ഥലമേറ്റെടുക്കാൻ ഫണ്ട് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിച്ചിരുന്നില്ല.
മലപ്പുറം ജില്ലയെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം യാഥാർഥ്യമായാൽ ഇവിടെ വാഹന പ്രവാഹമുണ്ടാകും. സൗജന്യമായി നൽകിയവരുടെ സ്ഥലം മാത്രം ഏറ്റെടുത്ത് ഇടുങ്ങിയ റോഡ് നവീകരിക്കാനാണ് പദ്ധതി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചുള്ളിക്കാപറമ്പ്, പന്നിക്കോട് ജങ്ഷനുകളുടെ വികസനവും ഇതിൽ ഉൾപ്പെട്ടിട്ടില്ല.
നിലവിലുള്ള ഭാഗം വശം കെട്ടൽ, കലുങ്ക് , ഓവുചാൽ എന്നിവയുടെ നിർമാണം, ഇന്റർലോക്ക് പതിക്കൽ, ടാറിങ്, സൂചന ബോർഡുകൾ, കൈവരികൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് നടത്തുക. കഴിഞ്ഞ ആഴ്ച മുതൽ പാർശ്വഭാഗങ്ങൾ കെട്ടുന്ന ജോലി ആരംഭിച്ചു. റോഡ് കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്നും സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ നിരന്തര ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.