കോഴിക്കോട്: മന്ത്രിമാർ മുതൽ കോർപറേഷൻ കൗൺസിലർമാർ വരെ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയാണ്. മുൻ മേയറും നിലവിലെ എം.എൽ.എയുമായ നേതാവിനും പരിചിതമായ പ്രദേശം. സംസ്ഥാന പൊതുമരാമത്ത് മന്ത്രി നിരവധി പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും അടിവാങ്ങിച്ച വീഥി. എന്നാൽ, മാവൂർ റോഡ് എന്ന കോഴിക്കോട് നഗരത്തിന്റെ ഹൃദയധമനിക്ക് കഷ്ടകാലം തുടരുകയാണ്. ഒരു മഴ പെയ്താൽ വെള്ളംകയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മഴക്കാലത്ത് ഇതുവഴി നാലുചക്ര വാഹനങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ.
കേന്ദ്രവും കേരളവും അനുവദിക്കുന്ന പദ്ധതികളിലെ പണം ഓടയിൽ ഒഴുക്കിക്കളയുന്ന കോർപറേഷൻ അധികാരികൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ഇരുഭാഗത്തുമുള്ള കൗൺസിലർമാരും സഞ്ചരിക്കുന്ന വഴിയാണെങ്കിലും ആർക്കും ഇക്കാര്യത്തിൽ ആശങ്കയില്ല. കൗൺസിൽ യോഗത്തിൽ പേരിന് ഉന്നയിക്കുമെന്നല്ലാതെ നടപടി മാത്രമില്ല. അരമണിക്കൂർ മഴ പെയ്താൽ മാവൂർ റോഡ് മാത്രമല്ല, സമീപത്തെ റോഡുകളും വെള്ളത്തിൽ മുങ്ങുകയാണ്. രാജാജി റോഡും സ്റ്റേഡിയം ജങ്ഷനും ശ്രീകണ്ഠേശ്വരം ക്ഷേത്രഭാഗങ്ങളുമെല്ലാം നിമിഷങ്ങൾകൊണ്ട് പ്രളയപ്രദേശമാകുകയാണ്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു മുന്നിലുള്ള റോഡിൽ കഴിഞ്ഞ ദിവസം മഴ കഴിഞ്ഞപ്പോൾ മീൻപിടിക്കുന്നവരുടെ തിരക്കായിരുന്നു. റോഡാണോ തോടാണോയെന്നു മീനുകൾക്കും 'കൺഫ്യൂഷൻ'.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മാവൂർ റോഡ് പതിവ് സ്വഭാവം കാണിച്ചിരുന്നു. മഴവെള്ളം മാത്രമാണെങ്കിൽ സഹിക്കാമായിരുന്നെന്ന് ഇതുവഴി സഞ്ചരിക്കുന്നവരും സമീപത്തെ വ്യാപാരികളും പറയുന്നു. ഓടയിൽനിന്ന് മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യമാണ് പുറത്തുവരുന്നത്. മൊഫ്യൂസൽ ബസ്സ്റ്റാൻഡിനും കെ.എസ്.ആർ.ടി.സി ടെർമിനലിനും ഇടയിലുള്ള ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞ് കടകൾ തുറക്കാൻ പോലും അറപ്പുതോന്നിയെന്ന് വ്യാപാരികൾ പറഞ്ഞു. സാധാരണയായി മഴക്കുമുമ്പ് ഓടകൾ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. രാജാജി റോഡ് ജങ്ഷനിൽ ഓടകളിൽ പ്ലാസ്റ്റിക് അടക്കം കെട്ടിക്കിടക്കുന്നത് പതിവായിരുന്നു. ഇത്തവണ മഴ ആരംഭിച്ചതിനുശേഷമാണ് ഓട വൃത്തിയാക്കിയത്. ഈ ഭാഗത്തെ ഓട വൃത്തിയാക്കിയിട്ടും കാര്യമില്ല. മൊഫ്യൂസൽ ബസ്സ്റ്റാൻഡിനും കെ.എസ്.ആർ.ടി.സി ടെർമിനലിനും ഇടയിലുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുഭാഗത്തെയും നടപ്പാതകളുടെ നവീകരണം വെള്ളക്കെട്ട് രൂക്ഷമാക്കാൻ കാരണമായിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളടക്കം പലവട്ടം ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ പരിഗണിച്ചിരുന്നില്ല. ഓടയുടെ ആഴംകൂട്ടാതെ മുകളിൽ ടൈൽസ് വിരിച്ച് ഭംഗിയാക്കുകയാണ് ചെയ്തത്. വലുപ്പമേറിയ ഓടയായിരുന്നെങ്കിൽ വെള്ളക്കെട്ടിന് ശമനമുണ്ടാകുമായിരുന്നു. പലതരത്തിലുള്ള കേബിളുകൾ ഓടകളിലൂടെ പോകുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്കും കുറവാണ്. ഓട നിറഞ്ഞുകവിഞ്ഞ് ടൈൽസുകൾ പലയിടത്തും പൊട്ടിയിരിക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് പേരാണ് നടന്നും വാഹനങ്ങളിലുമായി ഇതുവഴി സഞ്ചരിക്കുന്നത്. കോഴിക്കോടിനെ 'കനാൽ സിറ്റി'യാക്കുന്നത് കനോലി കനാലിലാണോ അതോ മാവൂർ റോഡിലാണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.