ആയഞ്ചേരി: ഗ്രാമപഞ്ചായത്തിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കെട്ടിടം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് കലക്ടർ എൻ. തേജ് ലോഹിത് റെഡി നിർദേശിച്ചു. ഹരിതസേന അംഗങ്ങൾ ശേഖരിക്കുന്ന അജൈവമാലിന്യം സംസ്കരണകേന്ദ്രത്തിലേക്ക് അയക്കുന്നതിന്‍റെ മുന്നോടിയായി അവ വേർതിരിക്കുന്നതിനുള്ള സൗകര്യപ്രദമായ കെട്ടിടമാണ് എം.സി.എഫ്. ഇപ്പോൾ പഞ്ചായത്തിൽ സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പാതയോരത്തും മറ്റും സംഭരിച്ചുവെച്ചാണ് വേർതിരിക്കൽ പ്രക്രിയ നടത്തുന്നത്.
ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കല്ലേരിക്കടുത്ത് വാങ്ങിയ 62 സെൻറ് സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ഭരണസമിതി നേരത്തെ 10 ലക്ഷം രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ എടുക്കുകയും ചെയ്തിരുന്നു.
പ്രദേശവാസികളുടെയും മറ്റും എതിർപ്പിനെ തുടർന്ന് കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനസർക്കാറിന്റെ ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും എം.സി.എഫ് കെട്ടിടനിർമാണം പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയപാർട്ടികളുടെയും ജനപ്രതിനിധികളുടെയും നിർവഹണ ഉദ്യോഗസ്ഥന്മാരുടെയും സംയുക്ത യോഗത്തിലാണ് കലക്ടർ നിർദേശം നൽകിയത്. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് സമീപ പഞ്ചായത്തിൽ വ്യവസ്ഥാപിതമായി നടന്നുവരുന്ന എം.സി.എഫ് കെട്ടിടങ്ങളുടെ പ്രവൃത്തികൾ നേരിട്ട് മനസ്സിലാക്കുന്നതിന് അവസരം സൃഷ്ടിക്കാനും കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്നും കലക്ടർ നിർദേശിച്ചു.
പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.കെ. സരള, സ്ഥിരംസമിതി അധ്യക്ഷൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ബ്ലോക്ക് അംഗം സി.എച്ച്. മൊയ്തു, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽ ഹമീദ്, പി. രവീന്ദ്രൻ, സുധാ സുരേഷ്, ടി.കെ. ഹാരിസ്, എ. സുരേന്ദ്രൻ, ടി. സജിത്ത്, പി.കെ. ആയിഷ, പി.കെ. ലിസ, എം.വി. ഷൈബ, പ്രബിത അണിയോത്ത്, സി.എം. നജ്മുന്നിസ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.ടി. ബാലൻ മാസ്റ്റർ, കണ്ണോത്ത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടി, സി.എം. അഹ്മദ് മൗലവി, എൻ.കെ. ഗോവിന്ദൻ മാസ്റ്റർ, കെ. സോമൻ, മലയിൽ ബാലകൃഷ്ണൻ, വി. ബാലൻ, കണ്ടോത്ത് കുഞ്ഞിരാമൻ, അണിയോത്ത് ശ്രീധരൻ, സെക്രട്ടറി കെ. സുമേഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.