കോഴിക്കോട്: 15 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൊത്തവിൽപനക്കാരൻ ചേവായൂർ പൊലീസ് പിടിയിലായി. മലപ്പുറം പുളിക്കൽ കൊട്ടപ്പുറം ആന്തിയൂർകുന്ന് കാര്യപ്പറമ്പത്ത് ശിഹാബുദ്ദീനെ (45) യാണ് ചേവായൂർ എസ്.ഐ കെ.ആർ. വിനയനും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ വാഹനപരിശോധനക്കിടെയാണ് കാറിൽ സൂക്ഷിച്ച 89 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
കൂടുതൽ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ താമസിക്കുന്ന വെള്ളിമാട്കുന്നിലെ ഫ്ലാറ്റിൽനിന്ന് 201 ഗ്രാം എം.ഡി.എം.എയും 2.25 ലക്ഷം രൂപയും കണ്ടെടുത്തത്. ആറുമാസത്തോളമായി ഇയാൾ കുടുംബസമേതം ഫ്ലാറ്റിൽ താമസിച്ചുവരുകയായിരുന്നു.
വിദേശത്ത് ജോലിയുണ്ടായിരുന്ന ഇയാൾ ഒരുവർഷമായി നാട്ടിൽ എം.ഡി.എം.എ മൊത്ത വിൽപന നടത്തുകയാണെന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ പറഞ്ഞു. വിദ്യാർഥികൾക്കുൾപ്പെടെ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന് എത്തിച്ചുകൊടുക്കുന്ന ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കാത്ത ആളാണെന്നും പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽനിന്നാണ് ഇയാൾ ലഹരിമരുന്ന് എത്തിച്ചത്. ഇയാൾ എം.ഡി.എം.എ നൽകുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനാൽ കൂടുതൽപേർ പിടിയിലാകും. നർകോട്ടിക് അസി. കമീഷണർ പ്രകാശൻ സി. പടന്നയിൽ, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ, ചേവായൂർ പൊലീസ് ഇൻസ്പെക്ടർ എ.കെ. ആഗേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചേവായൂർ എസ്.ഐ സജി, ലിവേഷ്, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.