കോഴിക്കോട്: പഠിക്കാൻ 24 മണിക്കൂറും ഓപൺ ലൈബ്രറി തുറന്നുതരണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മെഡി. കോളജിൽ വിദ്യാർഥികൾ ആരംഭിച്ച സമരം ആറ് ദിവസം പിന്നിടുന്നു. പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ കസേരയും മേശയും ഇട്ടിരുന്ന് രാത്രി എട്ടര മുതൽ 12 വരെയാണ് പ്രതിഷേധ പഠനം.
അധികൃതർ മൗനം പാലിച്ചതോടെ മുഖ്യമന്ത്രിക്കും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിനും മനുഷ്യാവകാശ കമീഷനും യൂനിവേഴ്സിറ്റിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാർഥികൾ പരാതി അയച്ചു. കോടതി വിധിയും സർക്കാർ ഉത്തരവും അനുകൂലമായതിനാൽ 24 മണിക്കൂറും ലൈബ്രറി തുറന്നുനൽകണമെന്ന് യൂനിയൻ പലതവണ ആവശ്യപ്പെട്ടെങ്കിലും കോളജ് അധികൃതർ തയാറായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഒമ്പതിനു ശേഷം ഹോസ്റ്റലിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. മെഡിക്കൽ വിദ്യാർഥികൾക്ക് രാത്രി വൈകിയും പഠിക്കാൻ കാമ്പസിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നാണ് യൂനിയന്റെ ആവശ്യം. എട്ടരയോടെ ലൈബ്രറി അടക്കുന്നത് വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ജീവനക്കാരില്ലാത്തതിനാലാണ് നേരത്തെ അടക്കേണ്ടി വരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് പരിഹാരം കാണാൻ കോളജ് അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിൽ ഇരുന്ന് പഠിക്കാൻ സൗകര്യമില്ല എന്ന പരാതി നേരത്തേയുണ്ട്. സ്റ്റഡി ഹാളുകൾ പോലും അസൗകര്യങ്ങൾ നിറഞ്ഞതാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.