കോഴിക്കോട്: ‘നാടിനൊപ്പം നന്മയോടൊപ്പം’ എന്ന മുദ്രാവാക്യവുമായി വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും യു.ഡി.എഫിന്റെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ച് സംവദിക്കാനും എം.കെ. രാഘവന് എം.പി നയിക്കുന്ന ജനഹൃദയ യാത്ര മാര്‍ച്ച് ഒന്നുമുതല്‍ ഒമ്പതുവരെ നടക്കുമെന്ന് യു.ഡി.എഫ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലായി പര്യടനം നടത്തുന്ന യാത്ര വെള്ളിയാഴ്ച കൊടുവള്ളിയിലെ കട്ടിപ്പാറയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിന് ബാലുശ്ശേരി നിയോജകമണ്ഡലത്തിലും മൂന്നിന് കുന്ദമംഗലം മണ്ഡലത്തിലും അഞ്ചിന് എലത്തൂര്‍ മണ്ഡലത്തിലും ആറിന് ബേപ്പൂര്‍ മണ്ഡലത്തിലും ഏഴിന് കോഴിക്കോട് നോര്‍ത്തിലും ഒമ്പതിന് കോഴിക്കോട് സൗത്തിലും പര്യടനം നടത്തും.
കഴിഞ്ഞ15 വർഷത്തിനിടെ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണുണ്ടായതെന്ന് എം.കെ. രാഘവന് പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ കാലത്തുതന്നെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചു. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട 473 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് യാഥാർഥ്യമാകുന്നത്. ഇപ്പോഴത്തെ ചില രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷന് നവീകരണത്തിനെതിരെ റെയില്‍വേ സ്റ്റേഷന് മാര്‍ച്ചുവരെ നടത്തി പദ്ധതി ഏഴു വര്‍ഷം വൈകിപ്പിച്ചത് കോഴിക്കോട്ടുകാര്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജ് വികസനം, കാൻസർ സെന്റർ, ഇംഹാൻസ്, വെള്ളയിൽ ഹാർബർ, എൻ.എച്ച് വികസനം തുടങ്ങി മണ്ഡലം കൈവരിച്ച വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. അളകാപുരിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍, കെ.സി. അബു, അഹമ്മദ് പുന്നക്കല്‍, യു.വി. ദിനേശ് മണി, ടി.ടി. ഇസ്മയില്‍, പി.എം. അബ്ദുറഹ്മാന്, കെ.എം. അഭിജിത്ത്, കെ.പി. ബാബു, എം.പി. പത്മനാഭന്, അഡ്വ. എം. രാജന്, ഷാജര്‍ അറാഫത്ത്, പി. കുഞ്ഞിമൊയ്തീന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.