കോഴിക്കോട്: നൂറ്റാണ്ടിന്റെ സാക്ഷിയെന്നറിയപ്പെട്ട സ്വതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ നഗരത്തിലെ സ്മാരകം കോർപറേഷൻ ഏറ്റെടുക്കാൻ കളമൊരുങ്ങുന്നു. അടുത്ത ദിവസം ഇതുസംബന്ധിച്ച് കൂടിയാലോചന നടക്കുമെന്നാണ് പ്രതീക്ഷ. കോർപറേഷൻ സ്ഥലത്തുള്ള കേന്ദ്രത്തിന്റെ നടത്തിപ്പ് ഇപ്പോൾ എം.എൽ.എ അധ്യക്ഷനായ കമ്മിറ്റിക്കാണ്. പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് സമിതിയുടെ കൺവീനർ സ്ഥാനം. മേയറും മാധ്യമ പ്രവർത്തകരുമെല്ലാമടങ്ങുന്നതാണ് കമ്മിറ്റി. കോർപറേഷന്റെയും കമ്മിറ്റിയുടെയും പൂർണ ഉടമസ്ഥതക്ക് കീഴിലല്ലാത്തതിനാൽ ആരും നോക്കാത്ത സ്ഥിതി വന്നതാണ് മുഖ്യ പ്രശ്നം. കോർപറേഷൻ സ്ഥാപനം ഏറ്റെടുക്കണമെന്ന് മേയർ ഡോ. ബീന ഫിലിപ്പിനെ സമിതി അറിയിച്ചിട്ടുണ്ട്. കോർപറേഷന് കഴിഞ്ഞ ദിവസം സ്മാരകത്തിന്റെ താക്കോലുകളിലൊന്ന് കൈമാറിയിട്ടുണ്ട്. ഇതോടെ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന് അകത്തുകയറി വൃത്തിയാക്കാനും മറ്റും കഴിയും. കോർപറേഷന് നേരിട്ട് സ്മാരകം നടത്താനായാൽ സാഹിത്യനഗര പദവിയുടെ പാശ്ചാത്തലത്തിൽ സ്മാരകവും അവിടത്തെ മ്യൂസിയവും ഹാളുമെല്ലാം കൂടുതൽ ജനകീയമാക്കാനാവുമെന്നാണ് പ്രതീക്ഷ.
സ്മാരകം അനാസ്ഥയിലും ജീർണാവസ്ഥയിലുമാണെന്ന പരാതിയുയർന്നിട്ട് കാലമേറെയായി. അഞ്ച് ബാത്ത്റൂമുള്ള കെട്ടിടത്തിൽ വെള്ളമില്ല. മോട്ടോർ കേടായിട്ട് വർഷങ്ങളായി. സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കയാണ് കേന്ദ്രമിപ്പോഴെന്ന് കൗൺസിലർ കെ. റംലത്ത് പറഞ്ഞു. 6500 രൂപ മാസവേതനം പറ്റുന്ന ശുചീകരണ തൊഴിലാളി മാത്രമാണിപ്പോൾ കേന്ദ്രത്തിലുള്ളത്. വാച്ച്മാനും ക്യുറേറ്ററും സൂക്ഷിപ്പുകാരനും ശുചീകരിക്കുന്നയാളുമെല്ലാം ഒരാളായതിനാൽ ഒന്നും നടക്കുന്നില്ല. ദിവസവും രാത്രി ലൈറ്റിട്ട് പോയി രാവിലെ ഓഫാക്കുന്നത് മാത്രമാണ് കാര്യമായി നടക്കുന്നത്. തൊട്ടടുത്ത് ബീച്ചിൽ നിന്നും ബീച്ചാശുപത്രി വളപ്പിൽ നിന്നും മതിൽ കടന്നെത്തി മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമെല്ലാം നട്ടുച്ചക്ക് പോലും തകൃതിയാണ്. നിർമിതിയിലെ പ്രത്യേകത കൊണ്ട് വെയിലും മഴയുമെല്ലാം അകത്തേക്ക് വരുമെന്ന സ്ഥിതിയുണ്ട്. അകത്തെ ചിത്രങ്ങളും രേഖകളുമെല്ലാം കേടാവുന്നു. കടലിനടുത്തായതിനാൽ ഇരുമ്പ് ഭാഗങ്ങളെല്ലാം തുരുമ്പെടുത്തു. പുറത്തെ കാട് വെട്ടിയത് മാത്രമാണ് അടുത്ത കാലത്ത് നടന്ന പ്രവൃത്തി.
ഹാളും 200 ലേറെ കസേരകളും കേന്ദ്രത്തിൽ വെറുതെ കിടക്കുന്നു. മൊയ്തു മൗലവിയുടെ കത്തുകൾ, സന്തത സഹചാരിയായിരുന്ന ഊന്നുവടി തുടങ്ങിയവയെല്ലാം പൊടിപിടിച്ചു. ആന്റണി സർക്കാറിന്റെ കാലത്ത് സ്മാരകത്തിന് ആശയമുദിച്ചെങ്കിലും 15 കൊല്ലം കഴിഞ്ഞ് നിർമാണം തുടങ്ങിയ കെട്ടിടമാണ് വീണ്ടും അനാഥാവസ്ഥയിലാക്കിയത്. ഉദ്ഘാടന ശേഷം പി.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ നന്നായി മുന്നോട്ടു പോയെങ്കിലും ഇടക്ക് എല്ലാം താറുമാറായി. വാഹനങ്ങൾ നിർത്താനും മറ്റുമെത്തുന്നവർ മാത്രമാണ് ഇപ്പോൾ മ്യൂസിയം വളപ്പിൽ കയറുന്നത്. കോവിഡിനുമുമ്പ് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തലും മറ്റും ഉണ്ടായിരുന്നുവെങ്കിലും അതും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.