കോഴിക്കോട്: നഗരത്തിൽ 4425 അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയില്ലാത്തതിനാൽ കോർപറേഷന് ഏറെ നഷ്ടമുണ്ടാകുന്നു. കോർപറേഷന്റെ 2022-23 കൊല്ലത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇതുപ്രകാരം കോർപറേഷൻ പ്രധാന ഓഫിസിന് കീഴിൽ 3471 ഉം എലത്തൂർ മേഖലയിൽ 467 ഉം ചെറുവണ്ണൂർ നല്ലളം മേഖലയിൽ 16 ഉം ബേപ്പൂരിൽ 471 ഉം അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണുള്ളത്. 4425 ൽ 2912 എണ്ണം പാർപ്പിടാവശ്യങ്ങൾക്കുള്ളതാണ്.
10 എണ്ണം വിദ്യാഭ്യാസ ആവശ്യത്തിനുള്ളതും നാലെണ്ണം ആരാധനാലയങ്ങളുമാണ്. 1496 എണ്ണം വാണിജ്യ കെട്ടിടങ്ങളാണ്. ഇവയിൽ ഏതെങ്കിലും സ്ഥാപനങ്ങൾ പ്രവർത്തിക്കണമെങ്കിൽ കോർപറേഷൻ സെക്രട്ടറി അനുവദിക്കുന്ന ലൈസൻസ് വേണം. അനധികൃതമായി നിർമിച്ച കാലപ്പഴക്കമുള്ള വലിയ കെട്ടിടങ്ങളും കോർപറേഷൻ പരിധിയിലുണ്ട്. ആറ് നിലകളുള്ള വാണിജ്യ നികുതി സമുച്ചയം അടക്കം ഇതിൽപെടുന്നു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളും പൊളിച്ച് മാറ്റാനോ ക്രമവത്കരിക്കാനോ നടപടിയെടുത്തില്ല. അനധികൃത കെട്ടിടങ്ങൾ പണിതാൽ അവ ക്രമവത്കരിക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്യുന്നത് വരെയുള്ള വസ്തു നികുതിയും അതിന്റെ ഇരട്ടിയും ഒന്നിച്ച് വസ്തു നികുതിയായി ഈടാക്കാമെന്നാണ് ചട്ടം.
എന്നാൽ, നടപടിയൊന്നുമില്ലാതെ നീളുന്നതിനാൽ കോർപറേഷന് വലിയ നഷ്ടം വരുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഞ്ചയ സോഫ്റ്റ്വെയർ പ്രകാരമുള്ള വിവരങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. എലത്തൂർ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിടത്തിന് നിർമിച്ച് ഏഴ് കൊല്ലം കഴിഞ്ഞിട്ടും നികുതി ഈടാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ റവന്യൂ റിക്കവറി നടപടികളെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.