കൂരാച്ചുണ്ട്: മലയോര ഹൈവേ കടന്നുപോകുന്ന കൂരാച്ചുണ്ടിൽ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി ജില്ല കലക്ടർ യോഗം വിളിച്ചുചേർത്തു. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേക്ക് 12 മീറ്റർ വീതി ലഭിക്കണമെങ്കിൽ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും.
എന്നാൽ, ഇതിന് ഉടമകൾ തയാറല്ല. വ്യാപാര സ്ഥാപനങ്ങൾക്ക് പരമാവധി നഷ്ടങ്ങൾ കുറച്ചുകൊണ്ട് സംരക്ഷിക്കാൻ കഴിയുന്നത് സംരക്ഷിച്ച് മലയോര ഹൈവേ യാഥാർഥ്യമാക്കണമെന്ന് യോഗത്തിൽ തീരുമാനമായി. കെട്ടിടം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.
മരുതോങ്കര -ഇരുപത്തിയെട്ടാം മൈൽ മലയോര പാത വികസനത്തിന് വിവിധതലങ്ങളിലുള്ള സർവേ പൂർത്തിയായിട്ടുണ്ട്. പെരുവണ്ണാമൂഴി മുതൽ ഇരുപത്തിയെട്ടാം മൈൽ വരെ 15.6 കിലോമീറ്ററാണുള്ളത്. ഇതിൽ പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള 5.5 കിലോമീറ്ററിലുള്ള 31 കോടി രൂപയുടെ റീച്ച് ടെൻഡർ നടപടിയിലാണ്. ചെമ്പ്ര മുതൽ ഇരുപത്തിയെട്ടാം മൈൽ വരെ 10.1 കിലോമീറ്ററാണുള്ളത്. ഇതിൽ കൂരാച്ചുണ്ട് ടൗണിലെ 800 മീറ്ററൊഴിച്ച് 9.3 കിലോ മീറ്ററിലുള്ള 46 കോടിയുടെ റീച്ച് ടെൻഡറിലേക്ക് നീങ്ങുകയാണ്. ഇരുപത്തിയെട്ടാം മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള 6.7 കിലോമീറ്ററിലുള്ള 54 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.