മുക്കം: സി.പി.എം നേതൃത്വത്തിൽ തൂക്കുഭരണം നടക്കുന്ന നഗരസഭയിൽ ഭരണസമിതി യോഗത്തിൽ വോട്ടിങ്ങിൽ ഭരണപക്ഷത്തിന് പരാജയം. നഗരസഭയിലെ അംഗൻവാടികളിൽ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് നിയമന ലിസ്റ്റ് തയാറാക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് കൗൺസിൽ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ നടന്ന ചർച്ചയിലും വോട്ടെടുപ്പിലുമാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. യോഗത്തിൽ അമ്പതാമത്തെ അജണ്ടയായിരുന്നു ഇത്. സ്വാഭാവികമായും ഭരണപക്ഷ പ്രതിനിധി വരേണ്ട പാനലിലേക്ക് തോട്ടത്തിൻ കടവിൽനിന്നുള്ള അംഗത്തെയാണ് ഇടതുപക്ഷത്തുനിന്ന് ചെയർമാൻ നിർദേശിച്ചത്. എന്നാൽ, ഈ സമയം ഇയാളുൾപ്പെടെ ഭരണപക്ഷത്തെ മൂന്ന് അംഗങ്ങൾ യോഗ ഹാളിൽ ഇല്ലായിരുന്നു. ഭരണപക്ഷത്തെ ഹാജർനില കുറവാണെന്നുകണ്ട പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അവസരം മുതലാക്കാനായി കോൺഗ്രസിലെ വേണു കല്ലുരുട്ടിയുടെ പേര് നിർദേശിച്ചു. തുടർന്ന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അജണ്ട മാറ്റിവെക്കാനും ചർച്ച നീട്ടിക്കൊണ്ടുപോകാനുമായിരുന്നു ഭരണപക്ഷനീക്കം. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ബഹളമായതോടെ സെക്രട്ടറി ഇടപെട്ട് വോട്ടിങ് നടത്താൻ സാഹചര്യമൊരുക്കി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധി പ്രജിത പ്രദീപിനെ പതിമൂന്നിനെതിരെ 15 വോട്ടുകൾക്ക് പരാജയപ്പെടുത്തി വേണു കണ്ണുരുട്ടി വിജയിക്കുകയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. കെ.പി. ചാന്ദ്നി, അനിതകുമാരി എന്നീ അംഗങ്ങളാണ് ഇടതുപക്ഷത്തുനിന്ന് യോഗത്തിൽ ഹാജരാകാതിരുന്നത്. യു.ഡി.എഫിലെ രണ്ട് അംഗങ്ങളും അവധിയായിരുന്നെങ്കിലും രണ്ട് ബി.ജെ.പി അംഗങ്ങൾ വേണുവിന് അനുകൂലമായി കൈ പൊക്കിയതോടെയാണ് വിജയിക്കാനായത്. ഭരണപക്ഷ അംഗങ്ങൾ കുറവായതിനാൽ നഗരസഭ യോഗനടപടികൾ നീട്ടിക്കൊണ്ടുപോയി ചെയർമാൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ മുക്കം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഗഫൂർ മാസ്റ്റർ, ഗഫൂർ കല്ലുരുട്ടി, എം.കെ. യാസർ, മധു മാസ്റ്റർ, രാജൻ എടോനി, കെ.കെ. റുബീന എന്നിവർ സംസാരിച്ചു. അതേസമയം, പ്രതിപക്ഷവിജയം യു.ഡി.എഫ്, എൽ.ഡി.എഫ്, കക്ഷിനിലയിലെ യഥാർഥ വിജയമല്ലെന്നും ബി.ജെ.പി പിന്തുണയിൽ നേടിയ വിജയമാണെന്നും ചെയർമാൻ പി.ടി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.