മുക്കം: പ്രകൃതി വാതക പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഇതുവരെയായി നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാറും ഗെയിലധികൃതരും വഞ്ചിക്കുകയാണെന്ന് ഭൂവുടമകള്‍. നിരവധി പേര്‍ക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ളത്. ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തതിനാല്‍ അന്തിമവിധി വന്നശേഷമേ പണം തരൂ എന്ന വിചിത്രവാദമാണിപ്പോള് ഗെയില്‍ അധികൃതര്‍ ഭൂവുടമകളോട് പറയുന്നതെന്നും ഇരകള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിക്കുവേണ്ടി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. പദ്ധതി കടന്നുപോകുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റിയ മതിലുകളുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മറ്റു ജില്ലകളില്‍ കേസ് കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്കി. ഏറ്റവും കൂടുതല്‍ ഇരകളുള്ള കോഴിക്കോട് ജില്ലയിലാണ് അധികൃതര്‍ വിവേചനം കാണിക്കുന്നത്. ജില്ലയില്‍ എണ്ണൂറോളം പേരെയാണ് ഇത് ബാധിക്കുക.
2017ലാണ് ഭൂമി ഏറ്റെടുത്തതെങ്കിലും 2010ലെ അടിസ്ഥാന വിലയാണ് ഗെയില്‍ നല്‍കുന്നത്. പലസ്ഥലത്തും മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോഴാണ് കോഴിക്കോട് ജില്ലക്കാരോട് ഈ വിവേചനം. ഇതുമൂലം ഓരോ സെൻറിനും 50,000 രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്നും ഇവര്‍ പറഞ്ഞു. ഭൂമിയില്‍ വീടുവെക്കാനോ കിണറുകള്‍ കുഴിക്കാനോ കൃഷിചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. എന്നിട്ടും ഏറ്റെടുത്ത ഭൂമിയുടെ മാര്‍ക്കറ്റ് വില പോലും നല്‍കാതെ ഗെയില്‍ വഞ്ചന തുടരുകയാണ്. ഇതുസംബന്ധമായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എം.എല്‍.എ, ജില്ല കലക്ടര്‍, സി.പി.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.
വ്യാഴാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന അദാലത്തില്‍ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്കി. അഞ്ചുദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായും ഇവര്‍ പറഞ്ഞു. പരിഹാരം കണ്ടില്ലെങ്കില്‍ പത്തിന് ഗെയില്‍ വിരുദ്ധ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഗെയിലിെൻറ കോഴിക്കോട്ടെ ഓഫിസിനുമുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. വാര്‍ത്ത സമ്മേളനത്തില്‍ ബഷീര്‍ ഹാജി, കെ.പി. കോയാമു, അബ്ദുല്‍ കരീം കുറ്റിപ്പുറത്ത്, കെ.സി. നൂറുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.