മുക്കം: ജനവാസമേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെ വിട്ടു. കോഴിക്കോട് രണ്ടാം അഡീഷനൽ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജ് എസ്. സൂരജാണ് വിധി പ്രസ്താവിച്ചത്. ഗെയിൽ സമരവുമായി ബന്ധപ്പെട്ട ആദ്യ കേസുകളിലൊന്നാണ് വിചാരണ പൂർത്തിയായി വിധി പ്രസ്താവിച്ചത്.
2017ൽ നവംബർ ഒന്നിന് എരഞ്ഞിമാവിൽവെച്ച് സമരാനുകൂലികൾ പൊലീസിനെ അപായപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് മുക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
21 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുഹമ്മദ് അസ്ലം, അംജത്, മുബൈസ്, ഷാജഹാൻ, സുധീർ, യാസർ, ഷിബിൽ, ജംഷീദ്, അനസ്, നവാസ്, സുജഹ്റഹ്മാൻ, ഷംസീർ, സിറാജുദ്ദീൻ അബൂബക്കർ, ഷിഹാബുദ്ദീൻ, മുഹമ്മദ്സാജിത്, അജേഷ്, സിറാജ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി അഡ്വ. സി.ടി. അഹമ്മദ്കുട്ടി ഹാജരായി. ഗെയ്ൽ വിരുദ്ധ സമര കേസിലെ ആദ്യ കോടതിവിധിയുടെ വെളിച്ചത്തിൽ പുതിയ കേസുകൾ പടച്ചുണ്ടാക്കുന്ന നയത്തിൽനിന്ന് പൊലീസും സർക്കാറും പിന്തിരിയണമെന്ന് സമരസമിതി കൺവീനർ സി.പി. ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു.
നാടിന്റെ പൊതുപ്രശ്നത്തിൽ വർഷങ്ങൾ കേസ് നടത്തിയും ജയിലിൽ കിടന്നും ത്യാഗമനുഭവിച്ചവരെ സമരസമിതി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.