മുക്കം: ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ മർദിച്ച് പരിക്കേല്പിച്ചതായുള്ള പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ മാങ്കുന്ന് സ്വദേശിയായ യുവതി മുക്കം പൊലീസിൽ നൽകിയ പരാതിയിലാണ് ഭർത്താവ് ഷാഹുൽ ജവാദിനെ അറസ്റ്റ് ചെയ്തത്.
വിദേശത്തുനിന്ന് ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ ഷാഹുൽ ജവാദും മാതാവായ ഫാത്തിമയും ചേർന്ന് ഇരുമ്പുപൈപ്പും പട്ടികയും ഉപയോഗിച്ച് മർദിച്ച് പരിക്കേല്പിച്ചതായാണ് പരാതി.
കഴിഞ്ഞ മാസം 12ന് ഭർത്താവും മാതാവും ചേർന്ന് മർദിച്ചുവെന്ന പരാതിയിൽ മുക്കം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ആ കേസിൽ ജാമ്യം നേടിയ ശേഷവും മർദനം തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ആറു മാസമായി ഫാത്തിമ തനിക്കും രണ്ടു മക്കൾക്കും ഭക്ഷണമോ ഭക്ഷണം പാചകം ചെയ്യാനുള്ള വസ്തുക്കളോ നൽകാറില്ലെന്നും ഭക്ഷണ സാധനങ്ങൾ മുറിയിൽ അടച്ചുപൂട്ടി വെക്കാറാണ് പതിവെന്നും യുവതി പരാതിയിൽ പറഞ്ഞു. വീടിനടുത്തുള്ള കടകളിൽ പോയി ഭക്ഷണ സാധനങ്ങൾ നൽകരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സംഭവ ദിവസമായ ഒക്ടോബർ 24ന് മുറിക്കുള്ളിൽ പൂട്ടിവെച്ച ഭക്ഷണ സാധനങ്ങളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയതാണ് ഭർതൃമാതാവിനെ പ്രകോപിതയാക്കിയതെന്നും യുവതി പറഞ്ഞു. ആദ്യം ഫാത്തിമ മർദിക്കുകയും പിന്നീട് മകൻ ഷാഹുൽ ജവാദിനെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മർദിക്കുകയുമായിരുന്നു.
മുക്കം: ഭർത്താവും ഭർതൃമാതാവും മർദിച്ച സംഭവത്തിൽ യുവതിയുടെ പരാതി പൊലീസ് അവഗണിച്ചതായി പരാതി. സംഭവം നടന്ന ഒക്ടോബർ 24ന് മുക്കം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തുന്നതിനു പകരം ആശുപത്രിയിലേക്കു പോകാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. പിന്നീട് സഹോദരനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്കു പോയത്.
ആശുപത്രിയിൽ പോകുന്നവഴി സ്റ്റേഷനിലെത്തിയെങ്കിലും ആശുപത്രിയിൽ പോകാനാണ് പൊലീസ് നിർദേശിച്ചത്. 24ന് മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം 26നാണ് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി മൊഴിയെടുത്തത്. സംഭവം നടന്ന അന്നുതന്നെ പരാതി നൽകിയെങ്കിലും പിന്നീട് ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുപറഞ്ഞതിന് ശേഷം രണ്ടുദിവസം കഴിഞ്ഞാണ് മൊഴിയെടുത്തത്. ദുർബലമായ വകുപ്പുകളാണ് പൊലീസ് പ്രതിക്കെതിരെ ചുമത്തിയതെന്നും തന്റെ മൊഴിപ്രകാരം വധശ്രമത്തിന് കേസെടുത്തില്ലെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.