മുക്കം: ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും നീര്‍നായ ശല്യം രൂക്ഷമായി തുടരുന്നു. ശനിയാഴ്ചമാത്രം മൂന്നു പേർക്ക് കടിയേറ്റു. കാരശ്ശേരി പുതിയോട്ടിൽ ശിവാനന്ദന്റെ ഭാര്യ ശ്രീഷ്മ (35), കൊളോറാമ്മൽ മുജീബിന്റെ മകൻ ഷാൻ (13), വൈ.പി. ഷറഫുദീന്റെ മകൻ മുഹമ്മദ് സിനാൻ (12) എന്നിവർക്കാണ് കടിയേറ്റത്. ശ്രീഷ്മക്ക് പുതിയോട്ടിൽ കടവിൽവെച്ചും മറ്റു രണ്ടു പേർക്ക് കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപത്തെ പാറക്കടവിൽ വെച്ചുമാണ് കടിയേറ്റത്. മൂന്നു പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരുകരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരുനൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ടു തവണകളിലായി പുഴത്തീരത്ത് കൂടുകള്‍ സ്ഥാപിക്കുകയല്ലാതെ നീര്‍നായകളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ മാസം കൊടിയത്തൂർ തെയ്യത്തുംകടവിൽ നീർനായ ആക്രമണത്തിന് ഇരയായവരുടെ സംഗമം നടന്നിരുന്നു. വനമേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയും കടുവയും പുലിയും ഇറങ്ങുന്നതുപോലെത്തന്നെ പുഴയോരവാസികളുടെ ദുരിതവും അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ പുഴയെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, നീര്നായഭീതിമൂലം പുഴയോട് ജനങ്ങള്‍ അകലുന്ന അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.