മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ് ആക്രമണം തുടരുന്നു. ഇന്നലെ നീർനായുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്കേറ്റു. പാറക്കടവത്ത് സഹല (34), മകൾ നജ (ഒമ്പത്) എന്നിവർക്കാണ് കാരശ്ശേരി പഞ്ചായത്ത് ഓഫിസ് ഭാഗത്തെ കടവിൽ നിന്ന് നീർനായുടെ കടിയേറ്റത്. ഇരുവരുടെയും കാലിന് മുറിവേറ്റിട്ടുണ്ട്.
നീർനായുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ് സഹലയുടെ കൈകൾക്കും പരിക്കുണ്ട്. രണ്ടുപേരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവഴിഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിൽ നീർനായ് ആക്രമണം വ്യാപകമാണ്.
ഇവിടെ വനം വകുപ്പിലെയും സി.ഡബ്ല്യു.ആർ.ഡി.എമ്മിലെയും ഉദ്യോഗസ്ഥരുടെ സംഘം ദിവസങ്ങൾക്കുമുമ്പ് സന്ദർശനം നടത്തിയിരുന്നു. ആവാസവ്യവസ്ഥകൾ നശിച്ചുകൊണ്ടിരിക്കുന്നതും ജലത്തിന്റെ ഗുണനിലവാരം കുറയുന്നതും മത്സ്യങ്ങളുടെ കുറവുമായിരിക്കാം നീർനായ്ക്കൾ ആക്രമണസ്വഭാവത്തിലേക്ക് മാറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആക്രമണം നടത്തുന്ന നീർനായ്ക്കളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ സമഗ്ര നടപടി ഉണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.