വടകര: സ്വാതന്ത്ര്യസമര ചരിത്ര ഏടുകളിൽ കോൺഗ്രസ് നാരായണനഗരം സമ്മേളനം വേറിട്ടുനിൽക്കുന്നു. കേരളത്തിന്റെ രാഷ്ടീയജാതകം തിരുത്തിയെഴുതിയ നിരവധി പോരാട്ടപ്രമേയങ്ങളുടെ അവതരണങ്ങൾ രൂപംകൊണ്ട സമ്മേളനം 1931 മേയ് നാല്, അഞ്ച് തീയതികളിലാണ് നാരായണനഗരത്ത് നടന്നത്.
ജെ.എൻ. സെൻഗുപ്തയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വടകരക്കാർ ആഘോഷമായി കൊണ്ടാടുകയായിരുന്നു. ജാതി, ജന്മി- നാടുവാഴിത്ത വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് രാഷ്ടീയസംസ്കാരത്തിനും സാമൂഹികപരമായ ഉണർവിനും സമ്മേളനം ഊർജംപകർന്നു. ദേശീയപ്രസ്ഥാനം സജീവമാകുന്നതിന്റ മുന്നോടിയായി ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹത്തിന് അടിത്തറ പാകിയ സമ്മേളനം കൂടിയായിരുന്നു നാരായണനഗരം കോൺഗ്രസ് സമ്മേളനം. ''എല്ലാ ജാതിക്കാർക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം സാധ്യമാവുന്നതിന് വേണ്ട ഒരുസംരംഭം കഴിയുന്നതും വേഗം കേരളത്തിൽ ആരംഭിക്കണമെന്ന് ഈ സമ്മേളനം അഭിപ്രായപ്പെടുന്നു'' -കെ. കേളപ്പൻ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് വടകര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലെ ഭാഗമാണിത്. സമ്മേളന നഗരിക്കിട്ട പേരാണ് നാരായണനഗരം. 1921 സെപ്റ്റംബറിലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്ന എം.പി. നാരായണ മേനോനോടുള്ള ആദരവിലാണ് സമ്മേളനനഗരിക്ക് നാരായണനഗരം എന്നപേരിട്ടത്. ഇന്നും വടകര നാരായണനഗരം ഈ പേരിലാണ് അറിയപ്പെടുന്നത്. സമ്മേളനത്തോടനുബന്ധമായി മഹിള, വിദ്യാർഥി, രാഷ്ട്രീയത്യാഗി സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1920ൽ മൊയ്യാരത്ത് ശങ്കരൻ കുറുമ്പ്രനാട് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി വടകര കേന്ദ്രമായി പ്രവർത്തനം തുടങ്ങിയതോടെയാണ് മേഖലയിൽ ദേശീയപ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നത്.
നാരായണനഗരം സമ്മേളനത്തെ തുടർന്നുള്ള കാലയളവിൽ കെ. കുഞ്ഞിരാമക്കുറുപ്പ്, വി.പി. കുഞ്ഞിരാമക്കുറുപ്പ്, എം.കെ. കേളുവേട്ടൻ തുടങ്ങിയ ധീരരായ യുവാക്കളുടെ നേതൃത്വത്തിൽ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വടകര സാക്ഷ്യംവഹിച്ചു. ദേശീയപ്രസ്ഥാനം സജീവമാകുന്നതിന്റെ മുന്നോടിയായി വാഗ്ഭടാനന്ദൻ രൂപംനൽകിയ ആത്മവിദ്യാസംഘവും ശിവാനന്ദ പരമഹംസരുടെ സിദ്ധസമാജ പ്രസ്ഥാനവും വടകരയിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക പരിഷ്കരണ സംഭവങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി. 1934 ജനുവരി 11നാണ് ചരിത്രസംഭവത്തിന് വടകര സാക്ഷിയായത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് സമാഹരണത്തിന് ഗാന്ധിജി വടകരയിലെത്തിയപ്പോൾ കൗമുദിയെന്ന 16കാരി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകി ചരിത്രത്തിന്റെ ഭാഗമായി. ഇതേക്കുറിച്ച് ഗാന്ധിജി ഇങ്ങനെ എഴുതി ''നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളെക്കാൾ സത്യസന്ധമായ ആഭരണമാണ്''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.