കോഴിക്കോട്: ബൈപാസ് (എൻ.എച്ച് 66) ആറുവരിപ്പാത പദ്ധതിയുടെ പ്രവൃത്തി വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ പദ്ധതി ആവിഷ്കരിച്ചതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. ഓരോ മാസവും അഞ്ചുശതമാനം നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി കൂടുതൽ തൊഴിലാളികളെ വിന്യസിക്കാനും തൊഴിലാളികളുടെ നൈറ്റ് ഷിഫ്റ്റ് ഉറപ്പുവരുത്താനും യന്ത്രസാമഗ്രികളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു.
2024 ജനുവരിയിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രവൃത്തിയിൽ കഴിഞ്ഞ മാസം 2.7 ശതമാനം പുരോഗതിയാണ് രേഖപ്പെടുത്തിയത്. മാസം അഞ്ച് ശതമാനത്തിലേക്ക് ഉയർത്തിയാൽ മാത്രമേ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് യോഗം വിലയിരുത്തി.
കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് നേരത്തെ വലിയ കാലതാമസം ഉണ്ടായിരുന്നെങ്കിലും ബൈപാസിന് ഇരുവശവും നടന്ന പ്രവൃത്തികളേക്കാൾ താരതമ്യേന വേഗത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
ജൂലൈയിൽ 11 ശതമാനം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയായിരുന്നത്. നിലവിൽ 23.40 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി കഴിഞ്ഞ ദിവസം പാർലമെന്റിലുന്നയിച്ച ചോദ്യത്തിന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയിരുന്നു.
ആറുമാസത്തോളം നീളുന്ന മഴക്കാലം പ്രവൃത്തികളെ ബാധിക്കുമെന്നതിനാൽ അതുകൂടി കണക്കിലെടുത്താണ് പദ്ധതി മുന്നോട്ട് കൊണ്ടുപോവുക.
സർവിസ് റോഡുകൾക്ക് ചിലയിടങ്ങളിൽ ആവശ്യമായ വീതിയില്ലാത്തത് ഭാവിയിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഇത് ബൈപാസിലും നീളമുള്ള വാഹന ഗതാഗതത്തെ ബാധിക്കും.
ഇത് പരിഹരിക്കാൻ സർവിസ് റോഡുകളുടെ വീതി ഒരുപോലെ ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.
കോരപ്പുഴ, പുറക്കട്ടിരി, മാമ്പുഴ, അറപ്പുഴ പാലങ്ങളുടെ നിർമാണത്തിന് ബാക്കി ഭൂമിയേറ്റെടുക്കൽ നടപടികൾ ജില്ല ഭരണകൂടവുമായി ചേർന്ന് ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.
കൂടുതൽ അടിപ്പാതകൾ
വിവിധ സ്ഥലങ്ങളിലെ പ്രദേശവാസികൾ ആവശ്യപ്പെട്ട അടിപ്പാതകളെക്കുറിച്ച് യോഗം ചർച്ചചെയ്തു. പുതിയ അടിപ്പാതകൾ സാധ്യമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ചശേഷം നടപടിയെടുക്കും. നേരത്തെ ആവശ്യപ്പെട്ട അടിപ്പാതകൾക്ക് അനുമതി ലഭിച്ചിരുന്നു.
നിർമാണപ്രവൃത്തികൾ 23 ശതമാനത്തിലേറെ പൂർത്തീകരിച്ച സാഹചര്യത്തിൽ, നിലവിലെ പദ്ധതി രൂപഘടനയിൽ വലിയ രൂപത്തിലുള്ള മാറ്റംവരുത്തലുകൾ സാധ്യമല്ലെന്ന് യോഗം വിലയിരുത്തി. പദ്ധതി ചെലവിനെയും പൂർത്തീകരണ കാലയളവിനെയും സാരമായി ബാധിക്കുമെന്ന പ്രശ്നവുമുണ്ട്. പുതിയ അടിപ്പാതകൾ സാധ്യമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാധ്യമായ ശ്രമങ്ങൾ തുടരുകയാണ്. ജനുവരിയിൽ നടക്കുന്ന മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് കൺസൾട്ടേറ്റിവ് കമ്മിറ്റി യോഗത്തിലും വിഷയം ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.