പയ്യോളി: ദേശീയപാത വികസനത്തോടനുബന്ധിച്ച് ആറുവരിപ്പാതയുടെയും സർവിസ് റോഡിന്റെയും നിർമാണപ്രവൃത്തികൾ പുരോഗമിക്കവേ ആവശ്യമായ സ്ഥലങ്ങളിൽ അടിപ്പാതകൾ അനുവദിക്കാത്തതിൽ പ്രതിഷേധമുയരുന്നു. ഇരിങ്ങൽ, അയനിക്കാട് പോസ്റ്റ് ഓഫിസ്, അയനിക്കാട് പള്ളി, പെരുമാൾപുരം, തിക്കോടി പഞ്ചായത്ത് ബസാർ, തിക്കോടി ടൗൺ, ഇരുപതാം മൈൽസ് സ്ഥലങ്ങളിലാണ് നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധവുമായി മാസങ്ങളായി രംഗത്തിറങ്ങിയിരിക്കുന്നത്.
അഴിയൂർ-വെങ്ങളം റീച്ചിെന്റ ഭാഗമായി മൂരാട് പാലം മുതൽ നന്തിബസാർ വരെയുള്ള 11 കിലോമീറ്ററിനുള്ളിൽ പയ്യോളിയിൽ മാത്രമേ നിലവിലെ അലൈൻമെന്റ് പ്രകാരം മറുഭാഗത്തേക്ക് വാഹനങ്ങളുമായി നേരിട്ടുള്ള പ്രവേശനമുള്ളൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സർവിസ് റോഡും ദേശീയപാതയും തമ്മിൽ വേർതിരിക്കുന്ന കൂറ്റൻ ഭിത്തികളുടെ നിർമാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.
റോഡിന്റെ ഉയർച്ച-താഴ്ചയനുസരിച്ച് പത്തടിയിലധികം ഉയരത്തിൽ വരെയാണ് ഭിത്തി നിർമിക്കുന്നത്. ഭിത്തി നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ പ്രധാന ബസ് സ്റ്റോപ്പുകളിൽനിന്നുപോലും നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ഇപ്പോൾതന്നെ സാധ്യമല്ലാതായിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും റോഡിന് കുറുകെയുള്ള കലുങ്ക് നിർമാണം പൂർത്തിയാവാത്തതുകൊണ്ടാണ് നാട്ടുകാർക്കിപ്പോൾ കലുങ്കുകളുടെ സമീപത്തുകൂടെയാണ് കഷ്ടിച്ച് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയുന്നത്. അതുകൂടി പൂർത്തിയായാൽ കിലോമീറ്ററുകൾ താണ്ടിയാൽ മാത്രമേ മറുഭാഗത്തേക്കും എതിർദിശയിലേക്കും സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. അയനിക്കാട് ഇരുപത്തിനാലാംമൈൽസിലും പെരുമാൾപുരത്തും നടപ്പാതയാണ് ആദ്യം അനുവദിച്ചിരുന്നത്. പയ്യോളി കഴിഞ്ഞാൽ തെക്ക് നന്തിയിലും വടക്ക് മൂരാടും മാത്രമാണ് അടിപ്പാത അനുവദിച്ചിരുന്നത്. അതിനിടയിൽ പി.ടി. ഉഷ എം.പി ഇടപെട്ട് പയ്യോളി ടൗണിലെ ഉയരപ്പാതയോടൊപ്പം അയനിക്കാട്ടും പെരുമാൾപുരത്തും അടിപ്പാത അനുവദിക്കുമെന്ന് കേന്ദ്രമന്ത്രിയോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ ഒരുവിധ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. പകരം അടിപ്പാത വരേണ്ട സ്ഥലത്ത് സർവിസ് റോഡും ആറുവരിപ്പാതയും വേർതിരിക്കുന്ന ഭിത്തിനിർമാണം ഇവിടങ്ങളിൽ പൂർത്തീകരണ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മന്ത്രിയുടെയും എം.പിയുടെയും ഉറപ്പ് ലംഘിക്കപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.