കോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ 2106 കേസുകളിൽ തീർപ്പായി.
മൊത്തം 12,89, 88, 997 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ മെഗാ അദാലത്തിൽ ഉത്തരവായി. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് മെഗാ അദാലത് നടത്തിയത്. 3273 കേസുകളാണ് പരിഗണനക്ക് വന്നത്.
കോഴിക്കോട് ജില്ല കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, പേരാമ്പ്ര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബതർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു.
ജില്ല ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് സർവിസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജിയുമായ കെ.ഇ. സാലിഹ്, വടകര താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ കെ. രാമകൃഷ്ണൻ, കൊയിലാണ്ടി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനും സ്പെഷൽ ജഡ്ജിയുമായ (ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി) ടി.പി. അനിൽ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എം.പി. ഷൈജൽ എന്നിവർ അദാലത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജുഡീഷ്യൽ ഓഫിസർമാരായ ഫസ്റ്റ് അഡീഷനൽ ജില്ല ജഡ്ജ് സാലിഹ്, തേഡ് അഡീഷനൽ ജില്ല ജഡ്ജ് ആർ. മധു, ഡിസ്ട്രിക്ട് ജഡ്ജ് വഖ്ഫ് ട്രൈബ്യൂണൽ രാജൻ തട്ടിൽ, ലേബർ കോടതി ജഡ്ജ് വി.എസ്. വിദ്യാധരൻ, ഫസ്റ്റ് അഡീഷനൽ സബ് ജഡ്ജ് രാജശ്രീ രാജഗോപാൽ, എം.എ.സി.ടി ജഡ്ജ് (വടകര) കെ. രാമകൃഷ്ണൻ, സ്പെഷൽ ജഡ്ജ് വി.പി.എം. സുരേഷ് ബാബു, മുൻസിഫ് ജഡ്ജ് (നാദാപുരം) ടി.എം. സൗമ്യ, കൊയിലാണ്ടി സബ് ജഡ്ജ് എസ്. വൈശാഖ്, റിട്ട. ഡിസ്ട്രിക്ട് ജഡ്ജ് വി.പി. ജയാനന്ദൻ, റിട്ട. ജഡ്ജ് എം. രമേശൻ എന്നിവരാണ് പരാതികളിൽ തീർത്തുകൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.