കോഴിക്കോട്: മുഖ്യമന്ത്രിയുടെ നവകേരള യാത്രക്ക് ഉപയോഗിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായറാഴ്ച മുതല്‍ സര്‍വിസ് നടത്തും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ.സി ബസുകള്‍ക്കുള്ള അഞ്ചു ശതമാനം ആഡംബര നികുതിയും യാത്രക്കാർ നല്‍കണം.
എല്ലാദിവസവും പുലര്‍ച്ച നാലിനാണ് കോഴിക്കോടുനിന്ന് ബസ് പുറപ്പെടുക. 11.35ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തും. എ.സി ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ എന്നിവയോടുകൂടിയ ബസിലെ യാത്രാനുഭവം മികച്ചതായിരുന്നെന്ന് അധികൃതർ പറഞ്ഞു. നവകേരള ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല.
മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബ്ള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫുട്ബോർഡ് ഉപയോഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുണ്ട്.
30നാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. നാലു ദിവസത്തിനകം 26 സീറ്റും ഫുള്ളായി. നവകേരള ബസിൽ യാത്രചെയ്യാൻ താൽപര്യപ്പെട്ട് ധാരാളം പേർ കാത്തിരുന്നെങ്കിലും പുലർച്ച നാലിന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ബസിൽ എങ്ങനെ കയറിപ്പറ്റാനാണെന്ന് ചോദിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.