കോഴിക്കോട്: സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററായി ഉയർത്തിയ മാനാഞ്ചിറയിലെ ലൈബ്രറിയിൽ കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു. സാഹിത്യ നഗരത്തിന്റെ അഭിമാനമാവും വിധം പുതിയതായി കുട്ടികളുടെ വായനാമുറിയും ലിഫ്റ്റും ഉടൻ തയാറാവും. ലൈബ്രറിക്കകത്ത് രണ്ടാം നിലയിലുള്ള ഉറൂബ് മ്യൂസിയം ഒന്നാം നിലയിൽ പ്രവേശന കവാടത്തിനടുത്തേക്ക് മാറ്റി കൂടുതൽ പേർക്ക് സന്ദർശിക്കാൻ പറ്റും വിധമാക്കാനും തീരുമാനമായി. ഈ മാസം തന്നെ പുതിയ ലിഫ്റ്റ് സ്ഥാപിക്കും. ഇതോടെ മുതിർന്ന വായനക്കാർക്കും കൂടുതൽ സൗകര്യമാവും. ലൈബ്രറിക്ക് പുതിയ ചുറ്റുമതിലും ലാൻഡ് സ്കേപ്പുകളും വരും. മാനാഞ്ചിറയിലെ പൈതൃക ഭംഗി നിലനിർത്തും വിധമാവും മുറ്റമൊരുക്കുക. പുതിയ ലൈറ്റുകളും വരും. ലൈബ്രറിക്ക് മുകളിലുള്ള യോഗ ഹാൾ ദിവസം 3000 രൂപക്കും അരദിവസം 2000 രൂപക്കും വാടകക്ക് നൽകുന്നുവെങ്കിലും മാനാഞ്ചിറയിലും മിഠായിത്തെരുവിലുമുള്ള പരിപാടികൾ അഞ്ചാം നിലയിലെ ഹാളിലേക്ക് അധികമൊന്നും എത്താറില്ല. ലിഫ്റ്റ് വരുന്നതോടെ ഇതിന് മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. നേരത്തേയുള്ള നടുത്തളത്തിലാണ് പുതിയ കുട്ടികളുടെ വായനാമുറിയുണ്ടാവുക. പത്ത് പേർക്കെങ്കിലും ഇരിക്കാനാവും വിധമാവും സംവിധാനം. മധ്യവേനലവധിയിൽതന്നെ ഇത് പൂർത്തിയാവുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഉദയൻ പറഞ്ഞു. ഇലക്ട്രിക്കൽ ജോലിയും പുതിയ പെയിന്റടിയും ഉടൻ നടക്കും.
പുസ്തകവായന കുറഞ്ഞെന്ന് കരുതുന്നവരുടെ കണ്ണ് തള്ളുന്ന വിധമാണ് ലൈബ്രറിയിലെ തിരക്ക്. ദിവസം 10 രൂപ നൽകിയാൽ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴ് വരെയിരുന്ന് റഫറൻസ് ഗ്രന്ഥങ്ങളുടെ സഹായത്തോടെ പഠിക്കാനിരിക്കാവുന്ന റഫറൻസ് ഹാളിൽ സീറ്റ് കിട്ടാൻ രാവിലെ ഏഴ് മുതൽതന്നെ എത്തി ക്യൂ നിൽക്കുന്നവരുണ്ടെന്ന് ലൈബ്രേറിയൻ മിഥുൻ രാജ് പറഞ്ഞു. 130 സീറ്റാണ് ഇവിടെയുള്ളത്. സ്ഥിരം അംഗങ്ങൾക്ക് പ്രവേശന ഫീസില്ല. നേരത്തേ 65 സീറ്റ് മാത്രമുള്ളതാണ് ഇപ്പോൾ വർധിപ്പിക്കാനായത്. മുമ്പ് റഫറൻസ് വിഭാഗം ഉണ്ടായിരുന്നുവെങ്കിലും ഇത്ര തിരക്കില്ലായിരുന്നു. റിസർച്ച് നടത്തുന്നവർക്കുള്ള പഠനകേന്ദ്രമായുള്ള അംഗീകാരം ലൈബ്രറിക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി സർവ സജ്ജമായ ഡിജിറ്റൽ ലൈബ്രറി ഇവിടെയുണ്ട്. ലൈബ്രറി കൗൺസിലിന് കീഴിലെ ലൈബ്രറികളിൽ ഏറ്റവുമധികം ആളുകൾ എത്തുന്നത് കോഴിക്കോട്ടാണ്.
പാർക്കിങ് പ്ലാസക്കായി കോർപറേഷന്റെ സത്രം ബിൽഡിങ് പൊളിച്ച് മാറ്റിയതിനാൽ ലൈബ്രറിയുടെ താഴെ നിലയിലുള്ള 23 കടമുറികളിലേക്കും ഇപ്പോൾ നല്ല കാഴ്ചയാണ്. ഇതിൽനിന്നുള്ള വരുമാനവും മുതൽക്കൂട്ടാണ്. മുമ്പ് കൗശൽ കേന്ദ്ര പ്രവർത്തിച്ചിരുന്ന രണ്ടാം നിലയിൽ ലൈബ്രറിക്കായി കൂടുതൽ ഡിജിറ്റൽ മുറികൾ ഒരുക്കാൻ കഴിയും. ഇവിടെ കൂടുതൽ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ സൗജന്യ വൈഫൈയാണ്. ഡിജിറ്റൽ റഫറൻസ് ഏരിയയിൽ ലൈബ്രറിയിൽ അംഗങ്ങളല്ലാത്തവർക്ക് 60 രൂപയാണ് ഫീസ്. രാവിലെ ഒമ്പതുമുതൽ മൂന്നുവരെ ഉപയോഗിക്കാം. മൂന്ന് മുതൽ രാത്രി ഏഴുവരെ 60 രൂപയീടാക്കി രണ്ടാമത്തെ ബാച്ചുമുണ്ട്. ചെറിയ വാടകക്ക് ഉപയോഗിക്കാവുന്ന നിരവധി ഹാളുകളും ലൈബ്രറിക്കകത്തുണ്ട്. മറ്റു ജില്ലകളിൽനിന്ന് വിദ്യാർഥികൾ സന്ദർശകരായി എത്തുന്നു. ലൈബ്രറിയിൽ എല്ലാ വിഭാഗങ്ങളിലുമായി 85719 പുസ്തകങ്ങളുണ്ട്. ദിവസം 340 പേർ ഇവ ഉപയോഗിക്കുന്നതായാണ് കണക്ക്. 6200 സ്ഥിരാംഗങ്ങൾ ഗ്രന്ഥശാലയിലുണ്ട്. എ മുതൽ ഡിവരെ ക്ലാസുകളിലാണ് അംഗങ്ങൾ. ദിവസം റഫറൻസ് സെക്ഷൻ ഉപയോഗിക്കുന്നവർ 300 ലധികമായതാണ് കണക്ക്. മുനിസിപ്പാലിറ്റിയുടെ ചുമതലയിൽ നാട്ടുകാരുടെ പരിശ്രമത്തോടെ 1927ൽ സ്ഥാപിതമായ കോഴിക്കോട് പബ്ലിക് ലൈബ്രറിയുടെ തുടർച്ചയാണ് ഇന്നത്തെ മാനാഞ്ചിറ ലൈബ്രറി.
മാനാഞ്ചിറ ലൈബ്രറിയിലുള്ള പ്രധാന സേവനങ്ങൾ ഇവയാണ്: പുസ്തകം എടുക്കൽ, ഡിജിറ്റൽ റിസോഴ്സ് സെന്റർ, വായനാമുറികൾ, റഫറൻസ് വിഭാഗം, ചരിത്ര-ശാസ്ത്രമൂല, കുട്ടികളുടെ വിഭാഗം, കേരള സർക്കാർ ഗസറ്റ് വിഭാഗം, ഫിലിം ക്ലബ്, മത്സര പരീക്ഷ മൂല, ഉറൂബ് മ്യൂസിയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.