കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മുഴുവൻ മന്ത്രിമാരും അണിചേർന്ന നവകേരള സദസ്സ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങിയാണ് നവകേരള സദസ്സ് മലപ്പുറത്തേക്കു പോയത്.
ജില്ലയിലെ ആദ്യ സ്വീകരണം നാദാപുരം മണ്ഡലത്തിലായിരുന്നു. തുടർന്ന് ആദ്യ നാളിൽ തന്നെ കുറ്റ്യാടി, പേരാമ്പ്ര, വടകര മണ്ഡലങ്ങളിലും രണ്ടാം ദിവസം കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലും ഞായറാഴ്ച തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂർ മണ്ഡലങ്ങളിലുമാണ് പര്യടനം നടത്തിയത്.
എല്ലാ സ്വീകരണകേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വൻ ജനാവലിയാണ് നവകേരള സദസ്സിനെ വരവേൽക്കാനെത്തിയത്. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, സർക്കാർ ജീവനക്കാർ, സി.പി.എമ്മിന്റെയും മറ്റ് ഇടതു സംഘടനകളുടെയും പോഷകപ്രസ്ഥാനങ്ങളുടെയും പ്രവർത്തകർ എന്നിവർ സദസ്സിന്റെ വിജയത്തിനായി ദിവസങ്ങൾക്കു മുമ്പേ രംഗത്തുണ്ടായിരുന്നു.
എല്ലാ നിയോജക മണ്ഡലത്തിൽനിന്നും ആയിരക്കണക്കിന് പരാതികളും ലഭിച്ചു. വടകര, കോഴിക്കോട്, ഓമശ്ശേരി എന്നിവിടങ്ങളിലായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രഭാതയോഗങ്ങൾ നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ യോഗത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. അതേസമയം, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.