കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതു വയസ്സുകാരനും വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്ത കുട്ടിയെ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.
നിപ പരിശോധനഫലം നെഗറ്റിവ് ആയതോടെയാണ് കുട്ടിയെ ഡിസ്ചാർജ് ചെയ്തത്. എന്നാൽ, രണ്ടാഴ്ചകൂടി വീട്ടിൽ ക്വാറന്റീനിൽ കഴിയണം. മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ മകൻ ആറു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
കുട്ടിയുടെ മാതാവിന്റെ സഹോദരൻ അടക്കം നിപ ബാധിച്ച മൂന്നുപേർ വെള്ളിയാഴ്ച ആശുപത്രി വിട്ടിരുന്നു. ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഇനി 517 പേരാണുള്ളത്. 51 പേരെ ശനിയാഴ്ച സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
നിപ നെഗറ്റിവായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജായ നാലു പേരെയും ഫോൺ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്, ഡി.എം.ഒ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.