കോഴിക്കോട് എൻ.ഐ.ടിയും ഗവ. മെഡിക്കൽ കോളജും ധാരണപത്രം ഒപ്പിട്ടപ്പോൾ

എൻ.ഐ.ടിയും കോഴിക്കോട് മെഡിക്കൽ കോളജും ധാരണപത്രം ഒപ്പുവെച്ചു

ചാത്തമംഗലം: ഗവേഷണാടിസ്ഥാനത്തിലുള്ള സംയുക്ത സംരംഭങ്ങൾ മെച്ചപ്പെടുത്താൻ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (എൻ.ഐ.ടി.സി) കോഴിക്കോട് ഗവ. മെഡിക്കൽ കോളജും ധാരണപത്രം ഒപ്പിട്ടു. എൻ.ഐ.ടി കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രനും ധാരണപത്രം കൈമാറി.

പരസ്പരതാൽപര്യമുള്ള മേഖലകളിൽ ബയോമെഡിക്കൽ തീമുകളുടെ വിവിധ രംഗങ്ങളിൽ ക്ലിനിക്കൽ ഗവേഷണത്തിനായി പ്രശസ്തമായ രണ്ടു സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വികസിപ്പിക്കാൻ ധാരണപത്രം വിഭാവനം ചെയ്യുന്നു. ബയോമെഡിക്കൽ ഇമേജ് പ്രോസസിങ്, ടെലിമെഡിസിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ ഇൻഫർമാറ്റിക്‌സ്, റോബോട്ടിക്‌സ്, ത്രീ ഡി പ്രിന്റിങ്, നാനോ മെഡിസിൻ, ഇംപ്ലാന്റുകൾ, പ്രോസ്‌തെറ്റിക് ഉപകരണങ്ങൾ, എർഗണോമിക് സിസ്റ്റം ഡിസൈൻ തുടങ്ങിയവ സഹകരണ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു.

ഇത്തരം ഗവേഷണ പദ്ധതികളിലൂടെ രോഗികൾക്ക് ഗുണകരമായ രീതിയിൽ നൂതന ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കാനും രോഗനിർണയത്തിനും മറ്റും ബയോമെഡിക്കൽ ഗവേഷണം മെച്ചപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ശിൽപശാലകളും മറ്റു സംയുക്ത സംരംഭങ്ങളും നടത്താനും ഉദ്ദേശ്യമുണ്ട്.

ഐ.സി.എം.ആറിന്റെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവർത്തിച്ചുവരുന്ന മൾട്ടിഡിസിപ്ലിനറി റിസർച് ലാബിന്റെ നൂതന സാങ്കേതിക സംവിധാനങ്ങളും ശാസ്ത്ര വൈദഗ്ധ്യവും ഇതിലേക്ക് പ്രയോജനപ്പെടുത്തും.എൻ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി, രജിസ്ട്രാർ കമാൻഡർ (ഡോ.) എം.എസ്. ഷാമസുന്ദര, സി.ഐ.ആർ ചെയർമാൻ ഡോ. ജോസ് മാത്യു, കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, എം.ആർ.യു നോഡൽ ഓഫിസർ എൻ.കെ. സുപ്രിയ, കാലിക്കറ്റ് മെഡിക്കൽ കോളജിലെ ഡോ. സന്തോഷ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - NIT and Kozhikode Medical College signed the MoU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.