കോഴിക്കോട്: മാവൂർ റോഡിൽ പറയഞ്ചേരി മുതൽ മെഡിക്കൽ കോളജ് ജങ്ഷൻ വരെയുള്ള ഭാഗത്ത് റോഡിന് നടുവിൽ ഡിവൈഡറുകൾക്ക് ഉയരമില്ലാത്തത് കാരണം അപകടം തുടർക്കഥയായി. റോഡ് പല തവണ നവീകരിച്ചിട്ടും 20 കൊല്ലം മുമ്പുള്ള ഡിവൈഡറുകൾ തന്നെയാണ് ഇപ്പോഴുമുള്ളത്.
റോഡുകൾ നന്നാക്കി ഉയരത്തിലായപ്പോൾ ഡിവൈഡറുകൾക്ക് റോഡിൽ നിന്നുള്ള ഉയരം വളരെക്കുറഞ്ഞു. ഇതുകാരണം ഡിവൈഡർ ശ്രദ്ധയിൽപെടാതെ ദിവസേനയെന്നോണം അപകടമുണ്ടാവുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്.
കഴിഞ്ഞ ദിവസം ഡിവൈഡറിൽ തട്ടി എതിർദിശയിലേക്ക് വീണ ഇരുചക്ര വാഹനയാത്രക്കാരൻ മറുദിശയിൽ വന്ന ബസിനടിയിൽപെടാതിരുന്നത് ബസ് ഡ്രൈവർക്ക് പെട്ടെന്ന് ബ്രേക്കിടാൻ കഴിഞ്ഞതിനാലാണെന്ന് കൗൺസിലർ ടി. സുരേഷ് കുമാർ പറഞ്ഞു.
രണ്ടടി വീതിയിലും മൂന്നടി ഉയരത്തിലും ഡിവൈഡർ വേണമെന്നാണ് ചട്ടം. ഡിവൈഡർ കാണാതെ രാത്രി നിരവധി വാഹനങ്ങൾ ഇടിച്ചുവീഴുന്നു. നടുവിൽ ഡിവൈഡറില്ലാത്തതിനാൽ കോർപറേഷൻ സ്ഥാപിച്ച വിളക്കുകാലുകൾ വലിയ വാഹനങ്ങൾ തട്ടിത്തകരുന്നു.
15 തൂണുകൾ ഇങ്ങനെ നഷ്ടപ്പെട്ടു. കോർപറേഷന് ഇതുവഴി 22 ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കണക്ക്. തൂണുകൾ മാറ്റി സ്ഥാപിക്കാൻ നടപടികളുമുണ്ടാവുന്നില്ല. വിളക്കുകാലിലേക്കുള്ള കേബിൾ പോവുന്ന പൈപ്പുകൾ മിക്കതും വണ്ടി കയറി തകർന്നു. ഇക്കാരണത്താൽ ഈ ഭാഗത്ത് വെളിച്ചവുമില്ല.
ഡിവൈഡറില്ലാത്തതിനാൽ കാൽനടക്കാർ തലങ്ങും വിലങ്ങും മുറിച്ചുകടക്കുമ്പോഴും അപകടം തുടർക്കഥയാണ്. പ്രസന്റേഷൻ സ്കൂൾ, പെട്രോൾ പമ്പ് തുടങ്ങി നിരവധിയിടങ്ങളിൽ റോഡ് മുറിച്ചുകടക്കുന്നത് കാരണമുള്ള അപകടാവസ്ഥയുണ്ട്.
പ്രശ്നം പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. ഡിവൈഡർ ഉയർത്തി മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരത്തും മറ്റുമുള്ളതുപോലെ അടി ഭാഗം വീതിയുള്ള വിധം നിർമിക്കുകയാണ് പരിഹാരം. ബസുകളടക്കം വലിയ വാഹനങ്ങൾ തട്ടാതിരികാൻ ഈ മാതൃകയിലാണ് പണിയേണ്ടത്.
കോട്ടപ്പറമ്പ് ഭാഗത്തും ഡിവൈഡറുകൾക്ക് മതിയായ ഉയരമില്ലാത്ത അവസ്ഥയുണ്ട്. ഡിവൈഡറുകൾ വലിപ്പം കൂട്ടി മാറ്റിപ്പണിതാൽ പരസ്യങ്ങൾവഴി ലാഭമുണ്ടാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.