കോഴിക്കോട്: കാലങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കുന്നതിൽ പകുതിയും സ്ത്രീകളാണ്. സ്ത്രീകളുടെ ഭരണം പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, സ്ത്രീകൾക്കുള്ള പല ആവശ്യങ്ങളും ഇനിയും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. പ്രധാന പ്രശ്നം ശുചിമുറികളാണ്. നഗരത്തിലും ഗ്രാമങ്ങളിലും സ്ത്രീകൾക്കായി ശുചിമുറികളില്ല. ഉള്ളവ വൃത്തിയായി സൂക്ഷിക്കുന്നുമില്ല. പുതിയ ബസ്സ്റ്റാൻഡിൽ സ്ത്രീകൾക്കുള്ള ബാത്റൂമുണ്ട്. എന്നാൽ, അവിടേക്ക് ആർക്കും കയറാൻ പോലും തോന്നില്ല. പിന്നെ ബാത്റൂമുള്ളത് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലാണ്.
മുമ്പ് നഗരത്തിൽ വ്യാപകമായി ഷീ ടോയ്ലറ്റുകൾ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അവ ഉപയോഗ യോഗ്യമല്ലാതായി. ഉപഭോക്തൃ സൗഹൃദമല്ലാത്ത, ഓട്ടോമാറ്റിക് സംവിധാനത്തിൽ പലപ്പോഴും ആളുകൾ കയറാനും മടിച്ചു. പലതിലും ഓട്ടോമാറ്റിക് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാൽ വാതിലുകൾ പോലും തുറക്കാൻ കഴിയാതായി. അതോടെ അവ ഉപേക്ഷിച്ചു. അതിനു ശേഷം നഗരത്തിൽ വ്യാപകമായി ടോയ്ലെറ്റുകൾ സ്ഥാപിച്ചിട്ടില്ല. സാനിറ്ററി പാഡ് വെൻറിങ് മെഷീനുകൾ സ്ഥാപിച്ച ടോയ്ലറ്റുകൾ മെഡിക്കൽ കോളജ് ആശുപത്രിയുടെ സമീപത്ത് സ്ഥാപിച്ചിരുന്നു. അതുപോലുള്ള സംവിധാനങ്ങളൊന്നും നഗരത്തിലില്ല. വിശ്രമകേന്ദ്രങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യങ്ങൾ, വർക്കിങ് വിമൻ ഹോസ്റ്റലുകൾ എന്നിവ എല്ലാക്കാലത്തും സ്ത്രീകളുടെ ആവശ്യങ്ങളാണ്.
സ്ത്രീകൾക്ക് രാത്രി നിൽക്കാനുള്ള 'എെൻറ കൂട്' പോലെ സൗകര്യങ്ങൾ ഉണ്ടെങ്കിലും അവയൊന്നും വേണ്ടത്ര പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. രാത്രി നഗരത്തിൽ കുടുങ്ങുന്ന സ്ത്രീകൾ പലപ്പോഴും ഇത്തരം സൗകര്യങ്ങളുള്ള വിവരം അറിയുന്നില്ല. കോവിഡ് കാലമായതോടെ പല സ്വകാര്യ സ്ഥാപനങ്ങളും സ്ത്രീ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ടിട്ടുണ്ട്. ഇത്തരക്കാർക്കുവേണ്ട തൊഴിൽ സൗകര്യങ്ങെളാരുക്കാൻ, വരുന്ന ഭരണകർത്താക്കൾ ശ്രദ്ധിക്കണമെന്ന് 'പെൺകൂട്ടി'ലെ വിജി പറഞ്ഞു. സ്ത്രീകൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഓരോ വാർഡുകളിലും വനിത മാർക്കറ്റിങ് ഏരിയകൾ നിർമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.