കോഴിക്കോട്: ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോഴും കോഴിക്കോട് ചേവായൂർ ത്വഗ് രോഗാശുപത്രി അവഗണയിൽ വീർപ്പുമുട്ടുന്നു. ജില്ലക്ക് പുറത്തുനിന്നും ലക്ഷദ്വീപിൽ നിന്നുമടക്കം ദിനംപ്രതി 600 ഓളം രോഗികൾ ചികിത്സക്കെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ അത്യാവശ്യ മരുന്നുകളും ലഭ്യമാകുന്നില്ല. മരുന്നുകൾ പുറത്തുനിന്ന് വാങ്ങാനും മറ്റ് അത്യാവശ്യങ്ങൾക്കും ചെലവഴിക്കാൻ ഫണ്ടില്ലാത്തതും ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
സ്പെഷാലിറ്റി ആശുപത്രിയാണെങ്കിലും താലൂക്ക് ആശുപത്രികൾക്ക് അനുവദിക്കുന്ന മരുന്നുകൾ മാത്രമാണ് ഇവിടെ ലഭിക്കുക. സ്പെഷാലിറ്റി വിഭാഗം മരുന്നുകളെല്ലാം രോഗികൾ പുറത്തുനിന്ന് വാങ്ങണം. എന്നാൽ, ഇവിടെ അത്യാവശ്യമായ പല മരുന്നുകളുടെയും സ്റ്റോക്ക് തീർന്നിട്ട് മാസം ഒന്ന് കഴിഞ്ഞു. ആന്റി ബയോട്ടിക്കുകളായ സാലിസിക് ആസിഡ്, ഡോക്സി ബോണ്ട്, കീറ്റോകോനസോൾ, മോസ് ക്ലാവ്, ഫ്ലൂക്ലോണസോൾ, മ്യുപെറോസിൻ തുടങ്ങിയ മരുന്നുകളൊന്നും ആശുപത്രിയിൽ ഫാർമസിയിൽ സ്റ്റോക്കില്ല.
വിലകൂടിയ മരുന്നുകൾ രോഗികൾ പുറത്തുനിന്നു വാങ്ങണം. എറണാകുളം മുതൽ കാസർകോട് വരെ ജില്ലകളിൽനിന്നുള്ള രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. സ്വകാര്യ ത്വഗ് രോഗ ക്ലിനിക്കുകളിൽ ഫീസ്, മരുന്ന് ഇനത്തിൽ വൻതുക ചെലവാകുന്നതിനാൽ സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തുന്നവർ വർധിക്കുകയാണ്. കഴിഞ്ഞ വർഷം 350 വരെയായിരുന്നു ദിനംപ്രതി ഒ.പി എങ്കിൽ ഈ വർഷം 600 വരെയാണ്.
ഒ.പി ടിക്കറ്റ്, ഓപറേഷൻ തിയറ്റർ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആശുപത്രിയുടെ ഏക വരുമാനമാർഗം. ഇതിൽനിന്ന് തുക വിനിയോഗിച്ച് കുക്ക്, സുരക്ഷ, ഡേറ്റ എൻട്രി ഓപറേറ്റർ തുടങ്ങി നാലു ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഒരു ഡോക്ടറെക്കൂടി നിയമിക്കാൻ ആനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഫണ്ടില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ആശുപത്രിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലധികം ചെലവഴിക്കരുതെന്ന നിബന്ധനയാണ് ഇപ്പോൾ തിരിച്ചടിയാവുന്നത്.
നേരത്തേ സ്വയംഭരണ സ്ഥാപനമായിരുന്ന ലെപ്രസി ഹോം പിന്നീട് സർക്കാർ ഏറ്റെടുത്തെങ്കിലും ആശുപത്രിയുടെ വികസനത്തിന് യാതൊരുതരത്തിലുള്ള ഫണ്ടും ലഭിച്ചിട്ടില്ല. മാത്രമല്ല ജില്ല പഞ്ചായത്തിന്റെയോ കോർപറേഷന്റെയോ ഫണ്ടുകളും ആശുപത്രിക്ക് ലഭിക്കുന്നില്ല. അതിനാൽ ആശുപത്രി വികസന സമിതിക്ക് കൊക്കിൽ ഒതുങ്ങിന്നു അറ്റകുറ്റപ്പണി മാത്രമേ നടത്താൻ കഴിയുന്നുള്ളു. ആശുപത്രിയുടെ പുനരുദ്ധാരണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രോഗികൾ ആവശ്യപ്പെടുന്നു.
തകർച്ച ഭീഷണിയിലായ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താൻ ഫണ്ടില്ലാത്തതിനാൽ സുരക്ഷിത ഇടം നോക്കി ഇരിക്കാനേ ജീവനക്കാർക്ക് കഴിയുന്നുള്ളൂ. ഒ.പിയിൽ ചികിത്സക്കെത്തുന്ന രോഗികൾ ഉപയോഗിക്കുന്ന ശുചിമുറി തകർച്ച ഭീഷണിയിലാണ്.
ഓടുമേഞ്ഞ കെട്ടിടത്തിൽ ഈ ഭാഗത്തെ സീലിങ് കഴിഞ്ഞമാസം ഇളകിവീണെങ്കിലും രോഗികൾ ആരുമില്ലാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു. നിലവിൽ ലെപ്രസി ഹോമിന്റെ സ്ഥലം ഏറ്റെടുത്ത് അവയവദാന ആശുപത്രി സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.