കോഴിക്കോട്: അറസ്റ്റിലായ കോർപറേഷൻ ഉദ്യോഗസ്ഥരിൽ രണ്ടു പേരും മറ്റ് ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ്വേർഡും അനധികൃതമായി ഉപയോഗിച്ചാണ് കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
കോർപറേഷന്റെ കോഴിക്കോട് മുഖ്യ ഓഫിസിൽനിന്നു തന്നെയാണ് പ്രതികൾ ക്രമക്കേട് നടത്തിയത്. കരിക്കാംകുളത്തെ മർകസുൽ ഇമാം അഹമ്മദിയയുടെ കെട്ടിടത്തിന് അനധികൃതമായി നമ്പർ നൽകിയ 2021 ഡിസംബർ, 2022 ജനുവരി കാലത്ത് റവന്യൂ സൂപ്രണ്ടായിരുന്ന ഷാജുവിന്റെയും അന്നത്തെ ഡെപ്യൂട്ടി സെക്രട്ടറി അച്യുതന്റെയും ലോഗിൻ ഐ.ഡിയും പാസ്വേഡുമാണ് പ്രതികൾ അനധികൃതമായി ഉപയോഗിച്ചത്.
ഷാജു ഇപ്പോൾ നോൺടാക്സ് വിഭാഗത്തിലാണ്. അച്യുതൻ വിരമിച്ചു. പ്രതികൾ തന്നെ ഡിജിറ്റൽ ഒപ്പിട്ടശേഷം നമ്പർ നൽകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ലോഗിൻ ഐ.ഡിയും പാസ്വേഡും അറസ്റ്റിലായവർ ഉപയോഗിക്കുന്നത് സാധാരണയാണെന്നും കണ്ടെത്തി.
നമ്പർ നൽകിയത് മുകൾനിലയിലെ അനധികൃത നിർമാണത്തിന്
കരിക്കാംകുളം മർകസുൽ ഇമാം അഹമ്മദിയ കെട്ടിടത്തിന്റെ രണ്ടാം നിലക്ക് നമ്പർ കൊടുത്തതാണ് അനധികൃതമെന്ന് പൊലീസ് കണ്ടെത്തിയത്. ഗ്രൗണ്ട് ഫ്ലോറിനും ഒന്നാം നിലക്കും നിയമാനുസൃതം അംഗീകാരം കിട്ടിയിരുന്നു. രണ്ടാം നിലയിലെ നിയമവിരുദ്ധ നിർമാണത്തിന് നമ്പർ കിട്ടാൻ അറസ്റ്റിലായ മൂന്നാം പ്രതിയായ കെട്ടിട ഉടമയിൽനിന്ന് നാലു ലക്ഷം രൂപ പ്രതികൾ, ഇടനിലക്കാർ മുഖേന കൈപ്പറ്റിയതായാണ് കേസ്.
അഞ്ച് കെട്ടിടങ്ങളുടെ ഉടമകളെ കണ്ടെത്താൻ അന്വേഷണം
കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിൽ പറയുന്ന മറ്റ് അഞ്ച് കെട്ടിടങ്ങളുടെ വിവരങ്ങളാണ് ഇനി പൊലീസ് ശേഖരിക്കുന്നത്. ഉടമകളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ ഉദ്യോഗസ്ഥരടക്കമുള്ളവർ പിടിയിലാവുമെന്നാണ് സൂചന.
അഞ്ച് ദിവസത്തിനകം ആദ്യ അറസ്റ്റ്
അനധികൃത നമ്പർ കേസ് അസി.പൊലീസ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആദ്യ കേസിൽ പ്രതികളെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനകം. കഴിഞ്ഞ ബുധനാഴ്ചയാണ് കേസന്വേഷണം തുടങ്ങിയത്.
ഫറോക്ക് എസ്.ഐ മുരളി, എ.എസ്.ഐ ജലീൽ, സീനിയർ സി.പി.ഒമാരായ സുധീഷ് കുമാർ, ബിജു, സി.പി.ഒ മുഹമ്മദ് റജീഷ്, പന്തീരാങ്കാവ് സി.ഐ ബൈജു ജോസ്, ബേപ്പൂർ സ്റ്റേഷനിലെ കമ്പ്യൂട്ടർ വിദഗ്ധൻ ലിനീഷ്, മാറാട് സ്റ്റേഷനിലെ കമ്പ്യൂട്ടർ വിദഗ്ധൻ ശ്യാംജിത്, സൈബർ സെല്ലിലെ ബിജിത്, ഫെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോർപറേഷൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ കൗൺസിലിൽ
തദ്ദേശ വകുപ്പ് അന്വേഷണത്തിന് സമാന്തരമായി നടക്കുന്ന കോർപറേഷൻ ആഭ്യന്തര അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗൺസിലിന്റെ പരിഗണനക്ക് വന്നേക്കും. കൗൺസിൽ യോഗത്തിൽ നാല് ജീവനക്കാരുടെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പരിഗണിക്കുമെന്ന മേയറുടെ ഉറപ്പിൽ തിങ്കളാഴ്ച മുതൽ ജീവനക്കാർ നടത്താനിരുന്ന അനിശ്ചിതകാല ധർണ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. കൗൺസിൽ യോഗത്തിൽ അനുകൂല തീരുമാനമില്ലെങ്കിലാണ് ബുധനാഴ്ച സമരം ശക്തമാക്കുക.
തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന്
സംഭവത്തിൽ തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച വൈകീട്ട് തദ്ദേശവകുപ്പ് (നഗരകാര്യം) ഡയറക്ടർക്ക് കൈമാറും. ഉത്തരമേഖല ജോയന്റ് ഡയറക്ടര് ഡി. സാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 21 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
രാമനാട്ടുകര: കോഴിക്കോട് കോർപറേഷനു പിന്നാലെ രാമനാട്ടുകര നഗരസഭയിലും സഞ്ചയ സോഫ്റ്റ് വേർ വഴി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി കണ്ടെത്തി. സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്.
ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി ജെസിത ഫറോക്ക് അസി. കമീഷണർക്ക് പരാതി നൽകി. എൻജിനീയറിങ് വിഭാഗത്തിന്റെ പെർമിറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ തന്നെ ഡിജിറ്റൽ സിഗ്നേച്ചർ ചെയ്ത് നികുതിയടപ്പിച്ചു. തുടർന്ന്, അസസ്മെന്റ് രജിസ്റ്ററിലും നഗരസഭയുടെ സഞ്ചയ സോഫ്റ്റ് വേറിലും ചേർത്തു. ഇതോടെ അനധികൃത കെട്ടിടനിർമാണം അധികൃതമായി മാറ്റുകയായിരുന്നു.
ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് മതിയായ രേഖകളില്ലാതെ ഒരു കെട്ടിടത്തിന് നമ്പർ നൽകിയെന്ന പരാതിയിൽ അസി. എൻജിനീയർക്ക് സ്ഥലം പരിശോധിച്ച് റിപ്പോർട്ടു നൽകാൻ നഗരസഭ സെക്രട്ടറി 'നോട്ട്' കൊടുത്തിരുന്നു. മേയ് 18ന് അസി. എൻജിനീയർ, സൂപ്രണ്ട് എന്നിവർക്കൊപ്പം സ്ഥലപരിശോധന നടത്തിയതോടെയാണ് ക്രമക്കേടു നടക്കുന്നതായി മനസ്സിലായതെന്ന് സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു. പിന്നീടു നടത്തിയ പരിശോധനയിൽ ഈ കെട്ടിടത്തിന്റെ വിവരങ്ങൾ അനധികൃതമായി അസസ്മെന്റ് രജിസ്റ്ററിൽ എഴുതിച്ചേർത്തതായി കണ്ടെത്തി.
ഇപ്പോൾ അസസ്മെൻറ് രജിസ്റ്ററിൽ പല ഡേറ്റയും എഴുതിച്ചേർത്തതായും ഇടയിലായി എഴുതിച്ചേർത്തവ വൈറ്റ്നർ, മാർക്കർ പെൻ എന്നിവ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞതായും കണ്ടെത്തിയെന്ന് പരാതിയിൽ പറയുന്നു. സഞ്ചയയിൽ മൂന്നു തട്ടിലായാണ് ഇ-ഫയൽ പരിശോധന.
ക്ലർക്കിന്റെ ഓപറേറ്റർ ലോഗിൻ, സൂപ്രണ്ടിന്റെ വെരിഫെയർ ലോഗിൻ എന്നിവ കഴിഞ്ഞാണ് സെക്രട്ടറിയിൽ എത്തുന്നത്. ഇതിന് ടാക്സ് റിവിഷൻ എൻട്രി മറയാക്കുന്നു.
മിക്കവാറും എല്ലാ നഗരസഭകളിലും ടാക്സ് റിവിഷൻ കഴിഞ്ഞ് ഓൺലൈൻ ടാക്സ് പേമൻറ് സിസ്റ്റം നിലവിൽവന്നെങ്കിലും രാമനാട്ടുകരയിൽ ഇതിപ്പോഴും പ്രാവർത്തികമായിട്ടില്ല. നഗരസഭയി ലെ ടാക്സ് റിവിഷൻ വിഷയത്തിൽ ഹൈകോടതിയിൽ നടക്കുന്ന കേസിൽ സ്റ്റേയുള്ളതിനാലാണിത്.
സ്റ്റേ നീങ്ങുമ്പോഴേക്കും അതുവരെയുള്ള പ്രവൃത്തികൾ ഡേറ്റാ എൻട്രി നടത്തി ഓൺലൈൻ ആക്കാൻ പറ്റുന്നവിധത്തിൽ ചെയ്തുതീർക്കാൻ ഡയറക്ടറേറ്റിൽനിന്ന് നിർദേശം ലഭിച്ചിരുന്നു.
ഡേറ്റാ എൻട്രി അനുബന്ധപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ഇതിന്റെ മറവിൽ അനധികൃത കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുന്നുണ്ടോയെന്നും സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.