പന്തീരാങ്കാവ്: ഒളവണ്ണയിൽ പഞ്ചായത്ത് സെക്രട്ടറിമാർ വാഴുന്നില്ല. കഴിഞ്ഞ വർഷം നവംബർ പകുതിയോടെ സെക്രട്ടറി അനിൽകുമാറിന് സ്ഥലം മാറ്റമായതോടെയാണ് സെക്രട്ടറി കസേര ഒഴിഞ്ഞ് കിടക്കുന്നത്. പത്തനംതിട്ട സ്വദേശിയെയാണ് ആദ്യം സെക്രട്ടറിയായി നിയമനം നൽകിയത്. ഇദ്ദേഹം ആദ്യ ദിവസംതന്നെ അവധി അപേക്ഷ നൽകി തിരിച്ചുപോയി. രണ്ടാമത്തെ ആളും ചുമതലയേറ്റെടുത്തിട്ടില്ല.മൂന്നാമത് നിയമനം കിട്ടിയ വനിതാ ഉദ്യോഗസ്ഥയെ ആഴ്ചകൾക്കകം മലപ്പുറത്തേക്ക് മാറ്റി. അവസാനം നിയമനം കിട്ടിയ ആൾ മൂന്നാഴ്ചയോളമായി ജോലിയിൽ പ്രവേശിച്ചിട്ടില്ല.
ജോലി ഭാരവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് സെക്രട്ടറിമാർ പിൻവലിയാൻ കാരണം. മുമ്പ് പന്തീരാങ്കാവ് - ഒളവണ്ണ പഞ്ചായത്തുകളായി വിഭജിക്കാൻ നടപടികളെടുത്തിരുന്നെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ നടപ്പായില്ല. വീട് നിർമാണത്തിന്റെ അനുമതിക്കടക്കം നൂറു കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. നികുതി പിരിവ്, ബജറ്റ് തുടങ്ങിയവയുടേയും സമയത്ത് പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനില്ലാത്ത അവസ്ഥയാണ്. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് അടക്കം സമയബന്ധിതമായ അനുമതികൾ വൈകാൻ സെക്രട്ടറി അടക്കമുള്ള ജീവനക്കാരുടെ അഭാവം കാരണമാവുന്നുണ്ട്. ചില വാണിജ്യ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിജിലൻസ് കേസുകളും തർക്കങ്ങളുമാണ് ഉദ്യോഗസ്ഥരെ ഒളവണ്ണയിലേക്ക് വരുന്നതിന് നിരുത്സാഹപ്പെടുത്തുന്നത്. നാലു മാസത്തോളമായി സെക്രട്ടറിയെ നിയമിക്കാനാവാത്തത് ഗ്രാമപഞ്ചായത്ത് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവുകേടാണെന്ന വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.