കോഴിക്കോട്: കല്ലായി പുഴയിൽ ചളി നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തി ഈ മഴയിലും യാഥാർഥ്യമായില്ല. കരാർ വിളിച്ചതിൽ സന്നദ്ധത പ്രകടിപ്പിച്ച ഒരാളുടെ ടെൻഡർ ഇപ്പോൾ പരിഗണനയിലാണ്. അന്തിമ നടപടികൾ ഇനിയും തീരാനുണ്ട്. ഈ വർഷം തന്നെ ചളി നീക്കൽ തുടങ്ങാനാവുമെന്ന പ്രതീക്ഷ നീണ്ടുപോവുകയാണ്. ടെൻഡർ നടപടിക്ക് മുമ്പായുള്ള പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയുള്ള പഠനം പൂർത്തിയായതാണ്.
സി.ഡബ്ല്യു.ആർ.ഡി.എം സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ.പി.എസ്ഹരികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പഠനം. നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തുന്ന ഒഴുക്കില്ലായ്മയും തടസ്സവും നീക്കാൻ കല്ലായിപ്പുഴയും അഴിമുഖവും ചളി നീക്കി ആഴം കൂട്ടുന്ന പദ്ധതിയാണ് അനന്തമായി നീളുന്നത്. എസ്റ്റിമേറ്റ് തുകയേക്കാളും അധികം വരുന്ന 1.91 കോടി രൂപ കോർപറേഷൻ നൽകാൻ ഏറ്റവുമൊടുവിൽ തീരുമാനമായിട്ടുണ്ട്. 7.9 കോടി കോർപറേഷൻ ജലസേചന വകുപ്പിന് കൈമാറിക്കഴിഞ്ഞതാണ്. എന്നാൽ ടെൻഡർ പ്രകാരം 9.81 കോടി വേണം.
ഇക്കാരണത്താൽ അധികതുക ലഭ്യമാക്കാൻ ഇറിഗേഷൻ കോർപറേഷന് കത്തുനൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തുന്ന ഒഴുക്കില്ലായ്മയും തടസ്സവും ഇല്ലാതാക്കാൻ പുഴയും അഴിമുഖവും ചളി നീക്കി ആഴം കൂട്ടണം. നഗരത്തിൽ പ്രളയമുണ്ടായപ്പോൾ പുഴയിലെ ഒഴുക്ക് നിലച്ചിരുന്നു. 12 കൊല്ലം മുമ്പ് 4.9 കോടി റിവർ മാനേജ്മെൻറ് ഫണ്ടിൽനിന്ന് പുഴ നവീകരണ പ്രവൃത്തിക്ക് മാറ്റി വെച്ചിരുന്നു. ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ടു കൊല്ലത്തിനകം കോർപറേഷൻ ആരോഗ്യവിഭാഗവും ഇറിഗേഷനും ചേർന്ന് പുഴ വൃത്തിയാക്കാനുള്ള പദ്ധതിയാണ് നീണ്ടു പോവുന്നത്.
ഇറിഗേഷൻ വകുപ്പ് നേതൃത്വത്തിൽ കടുപ്പിനി മുതല്‍ കോതി വരെ 4.2 കിലോമീറ്റര്‍ നീളത്തിൽ പുഴയിൽ നിന്ന് ചളി നീക്കി ഒഴുക്ക് ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.