കോഴിക്കോട്: ഒരുമണിക്കൂർ പരിശോധനയിൽ 60ഓളം ഡ്രൈവിങ് ലൈസൻസുകൾ സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹനവകുപ്പ് അധികൃതർ. കോഴിക്കോട് ആർ.ടി.ഒയുടെ നിർദേശപ്രകാരം ബുധനാഴ്ച രാവിലെ ചേവരമ്പലം സിഗ്നലിൽ നടത്തിയ പരിശോധനയിലാണ് കേസെടുത്ത് ലൈസൻസ് സസ്പെൻഡ് ചെയ്തത്. വിവിധ കേസുകളിൽ 10,000 രൂപയോളം പിഴ ചുമത്താവുന്ന കേസാണ് രജിസ്റ്റർ ചെയ്തത്.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ബൈപാസിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഒറ്റവരിയിലൂടെ പോകേണ്ടതിനു പകരം ഡിവൈഡർ മറികടന്ന് പോകുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. മലാപ്പറമ്പ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ലെഫ്റ്റ് ഫ്രീയിലൂടെ കടന്നുവരുമ്പോൾ മുണ്ടിക്കൽതാഴം ഭാഗത്തുനിന്ന് ഡിവൈഡർ മറികടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരുന്നു. പരിശോധനയിൽ ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവരെല്ലാം ഉൾപ്പെട്ടിട്ടുണ്ട്. പരിശോധന മറ്റുഭാഗത്തേക്കുകൂടി വ്യാപിപ്പിക്കുമെന്ന് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
നഗരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുന്നത് ഗതാഗത നിയമങ്ങൾ പാലിക്കാത്തതാണെന്നും ഫ്രീലെഫ്റ്റ് സംവിധാനത്തിന് തടസ്സമാകുന്ന രീതിയിൽ സിഗ്നലുകളിൽ വാഹനങ്ങൾ നിർത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.എം.വി.ഐമാരായ എം.കെ. മുസ്തഫ, റിനുരാജ്, എൻ. ഹരീഷ്, ബി. ബിജു എന്നിവരാണ് പരിശോധന നടത്തി കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.