കോഴിക്കോട്: ജില്ലയിൽ മൂന്നാഴ്ചയോളം നീണ്ട ഓൺലൈൻ ടാക്സികളുടെ പണിമുടക്ക് പിൻവലിച്ചു. നിലവിലെ നിരക്കിൽ 30 ശതമാനത്തിന്റെ വർധന ഓല, ഊബർ കമ്പനികൾ ഉറപ്പുനൽകിയതിനാലാണ് സമരം പിൻവലിച്ചതെന്ന് കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ രക്ഷാധികാരി പി. സന്തോഷ് കുമാർ പറഞ്ഞു. സർവിസ് നിർത്തിവെച്ച കാറുകൾ ഓട്ടം പുനരാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനികൾ നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡ്രൈവർമാർ പണിമുടക്ക് തുടങ്ങിയത്. സർക്കാർ നിശ്ചയിച്ച നിരക്കുതന്നെ ആദ്യ അഞ്ച് കിലോമീറ്ററിന് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമാണ്. എന്നാൽ, ഊബർ കമ്പനി ആദ്യ ഒരു കിലോമീറ്ററിന് 38 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പതു രൂപ തോതിലും ഓല കമ്പനി ആദ്യ മൂന്ന് കിലോമീറ്ററിന് 120 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 12 രൂപ തോതിലും മാത്രമാണ് നൽകിയിരുന്നത്.
നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ ലേബർ കമീഷണർക്ക് നിവേദനം നൽകുകയും കമീഷണർ കമ്പനി പ്രതിനിധികളെയും ഡ്രൈവർമാരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പ്രശ്നത്തിന് പരിഹാരമായില്ല. തുടർന്നാണ് പണിമുടക്ക് തുടങ്ങിയത്.
കഴിഞ്ഞദിവസം ഡ്രൈവർമാർ കലക്ടറേറ്റിലേക്ക് മാർച്ചും നടത്തി. ഡ്രൈവർമാരും കമ്പനിപ്രതിനിധികളും നേരിട്ടു നടത്തിയ ചർച്ചയിലാണ് നിരക്ക് വർധന ഉറപ്പ് ലഭിച്ചതും സമരം പിൻവലിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.