കോഴിക്കോട്: കോർപറേഷനിലെ അനധികൃത കെട്ടിട നമ്പർ തട്ടിപ്പ് കേസിലെ സസ്പെൻഡ് ചെയ്ത പ്രതികളെ തിരിച്ചെടുക്കാനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിധി നാണക്കേടുണ്ടാക്കുന്നതാണെന്നും കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ സെക്രട്ടറിയെ പുറത്താക്കണമെന്നും മേയറടക്കം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം. ജൂലൈ രണ്ടിന് പുറപ്പെടുവിച്ച വിധി പ്രകാരം സസ്പെൻഷനിൽ കഴിയുന്ന സുരേഷ്, മഠത്തിൽ അനിൽ എന്നിവരെ എല്ലാ ആനുകൂല്യങ്ങളും നൽകി രണ്ടാഴ്ചക്കകം തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. സസ്പെൻഡ് ചെയ്യുമ്പോൾ നടപടിക്രമവും മുനിസിപ്പൽ ചട്ടവും കൃത്യമായി പാലിച്ചില്ലെന്നതിനാലാണ് തിരിച്ചെടുക്കണമെന്ന് നിർദേശിക്കുന്നതെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരെ സസ്പെൻഡ് ചെയ്യുമ്പോൾ മേയറുടെ നിർദേശപ്രകാരം സെക്രട്ടറി തീരുമാനം നടപ്പാക്കുകയാണ് വേണ്ടത്. എന്നാൽ, സുരേഷിന്റെയും അനിലിന്റെയും കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചിട്ടുള്ളത്. സെക്രട്ടറിയുടെ തീരുമാനം മേയർ ശരിവെക്കുന്നതായാണ് രേഖകളിൽ കാണുന്നത്. നിയമകാര്യങ്ങളിൽ പരിജ്ഞാനമുള്ള സെക്രട്ടറി മനഃപൂർവം പ്രതികൾക്ക് രക്ഷപ്പെടുത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കായായിരുന്നോ എന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ആരോപിച്ചു.
മാത്രമല്ല, തട്ടിപ്പ് കേസിൽ കുറ്റക്കാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചപ്പോൾ പാലിക്കേണ്ട നിയമാനുസൃത നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. സസ്പെൻഡ് ചെയ്തുകഴിഞ്ഞാൽ നിയമന അതോറിറ്റി എന്ന നിലയിൽ സർക്കാറിനെ അതായത് തദ്ദേശവകുപ്പിനെ കോർപറേഷൻ തീരുമാനം അറിയിക്കേണ്ടതാണ്. അതുണ്ടായില്ല.
തീരുമാനത്തിന് കൗൺസിലിന്റെ അനുമതി തേടിയില്ല. സസ്പെൻഷന് മുമ്പ് ജീവനക്കാർക്ക് മെമ്മോ കൊടുക്കുകയും മറുപടി നൽകാൻ ഏഴുദിവസം കാലാവധി അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഈ മറുപടി കൗൺസിലിൽ യോഗത്തിൽവെച്ചാണ് നടപടി സ്വീകരിക്കേണ്ടത്. ഇതൊന്നും ജീവനക്കാരുടെ കാര്യത്തിൽ ഉണ്ടായില്ലെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടുന്നു. 27-06-22ന് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാർക്ക് സസ്പെൻഷൻ കാലയളവിലെ വേതനവും എല്ലാ ആനുകൂല്യങ്ങളും നൽകി തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. അനധികൃത കെട്ടിട നമ്പർ വിഷയത്തിലുണ്ടായ അനീതിക്കെതിരെ പോരാടിയ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പൊതുപ്രവർത്തകരെയും ഭരണപക്ഷം വഞ്ചിച്ചതായും യു.ഡി.എഫ് പാർട്ടി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
200 ലേറെ കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി എന്നാണ് കോർപറേഷന്റെ നിഗമനം. അതേസമയം, സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ 4422 കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി പറയുന്നു. ഇതെല്ലാം കോർപറേഷന് വമ്പിച്ച നഷ്ടം വരുത്തിവെക്കുന്നതാണ്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഭരണസമിതിക്ക് ഒഴിഞ്ഞുനിൽക്കാനാവില്ല. മുനിസിപ്പാലിറ്റി ആക്ട്, ചട്ടം, നിയമം ഒക്കെ ശരിയായി പഠിച്ച് നടപ്പാക്കേണ്ടത് സെക്രട്ടറിയുടെ കടമയാണ്. കോർപറേഷന് വലിയ നഷ്ടവും മാനക്കേടും ഉണ്ടാക്കിവെക്കുന്ന വിധിക്ക് കാരണം സെക്രട്ടറിയുടെയും മേയറുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. അതിനാൽ സെക്രട്ടറിയെ പുറത്താക്കുകയും മേയർ സ്വമേധയാ രാജിവെക്കുകയും ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻകോയ, കൗൺസിലർമാരായ കെ. റംലത്ത്, കെ.പി. രാജേഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.