പേരാമ്പ്ര : നാട്ടുകാരുടെ കണ്ണിലെണ്ണ ഒഴിച്ചുള്ള ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോടുമല ഇന്നും തലയുയർത്തി നിൽക്കുന്നത്. നാലര വർഷം മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയിൽനിന്നും അനധികൃതമായി പാരിസ്ഥിതികാനുമതി സംഘടിപ്പിച്ച് ചെങ്ങോടുമല തുരക്കാൻ സ്വകാര്യ കമ്പനി കൈയെത്തും ദൂരത്ത് എത്തിയതാണ്. ശക്തമായ പ്രക്ഷോഭങ്ങളിലൂടേയും നിയമനടപടികളിലൂടേയും ജനങ്ങൾ ചെറുത്തുനിന്നതോടെ കമ്പനി തൽക്കാലം പിൻവാങ്ങി. പിന്നീട് അവർ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ അപേക്ഷ നൽകി. ഈ സമിതി, ആദ്യം നിയോഗിച്ച വിദഗ്ധ വിലയിരുത്തൽ സമിതിയിലെ രണ്ട് അംഗങ്ങൾ ചെങ്ങോടുമല സന്ദർശിച്ച് ഖനനത്തിന് അനുകൂലമായ റിപ്പോർട്ട് നൽകി. എന്നാൽ, ഈ രണ്ടംഗ സംഘം നാട്ടുകാരെ കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈകോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് പാരിസ്ഥിതികാഘാത സമിതി വീണ്ടും ഏഴംഗ സംഘത്തെ ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചു. സംഘം തയാറാക്കിയ റിപ്പോർട്ടിൽ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്നും മല സർക്കാരേറ്റെടുത്ത് സംരക്ഷിക്കണമെന്നും വ്യക്തമായി പറയുന്നുണ്ട്. വിദഗ്ധ സംഘത്തിന്റെ ശിപാർശ ഒരു വർഷമാകാറായിട്ടും സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അംഗീകരിക്കാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. വിദഗ്‌ധ സമിതി ശിപാർശ കിട്ടിയപ്പോൾ ക്വാറി കമ്പനിയെ കേൾക്കണമെന്ന് പറഞ്ഞ് മാറ്റിവെച്ചു. പിന്നീട് അന്നത്തെ പാരിസ്ഥിതികാഘാത സമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ ഡെൽറ്റ കമ്പനി കേന്ദ്ര സംഘത്തെ സമീപിച്ചു. കമ്പനിയുടെ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സമരസമിതി തടസ്സ ഹരജി നൽകിയതോടെ കേന്ദ്രം, ക്വാറി കമ്പനിയുടെ അപേക്ഷ മടക്കി. അതിനിടെ സംസ്ഥാനത്ത് പുതിയ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി നിലവിൽ വന്നു. അവർ വിദഗ്ധ സംഘത്തിന്റെ ശിപാർശ പരിഗണിച്ചെങ്കിലും അവരും ക്വാറി ഉടമയെ കേൾക്കാൻ മാറ്റിവെച്ചു. സാധാരണ നിലയിൽ വിദഗ്ധ സംഘത്തിന്റെ ശിപാർശ വിലയിരുത്തൽ സമിതി അംഗീകരിക്കുകയാണ് പതിവ്. എന്നാൽ ചെങ്ങോടുമലയുടെ കാര്യത്തിൽ ഒരു വർഷമാകാറായിട്ടും തീരുമാനമെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചെങ്ങോടുമലയുടെ ഖനന ഭീഷണി പൂർണമായി ഒഴിയാതെ വിശ്രമമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. Photo: ചെങ്ങോടു മല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.