കീഴരിയൂർ: തങ്കമല ക്വാറിയുടെ ലൈസൻസ് പിൻവലിക്കാനും ഇ.സി റദ്ദ് ചെയ്യിക്കുന്നതിന് നിയമനടപടി സ്വീകരിക്കാനും കീഴരിയൂർ പഞ്ചായത്ത് ഭരണസമിതി തീരുമാനം. എൻവയൺമെന്റൽ ക്ലിയറൻസിന്റെ അടിസ്ഥാനത്തിൽ ക്വാറിക്ക് പഞ്ചായത്ത് അനുവദിച്ച ലൈസന്‍സാണ് ഭരണസമിതി പിൻവലിച്ചത്. എന്വയണ്മെന്റല് ക്ലിയറന്‍സിൽ നിഷ്കർഷിച്ച വ്യവസ്ഥകൾ ലംഘിച്ചാണ് ഖനനം നടക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.ഇവ നിർത്തലാക്കാൻ നിയമ നടപടി സ്വീകരിക്കാനും ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തു.
കീഴരിയൂർ -തുറയൂർ വില്ലേജുകളിലായി 68 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന തങ്കമല ക്വാറിയില്‍ നിയമവ്യവസ്ഥകള്‍ പാടെ ലംഘിക്കുന്നുവെന്നും ഭരണസമിതി കണ്ടെത്തി. ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന് മുകള്‍ ഭാഗത്തായി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മലിനജലം തങ്കമലയുടെ താഴ്വാരത്തിലൂടെ കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ കിലോ മീറ്ററോളം വിസ്തൃതിയില്‍ കുടിവെള്ളം മലിനമാവുന്നുമുണ്ട്. സ്ഫോടനത്തിന്റെ ആഘാതം കാരണം പരിസരത്തുള്ള വീടുകള്‍ക്ക് കനത്ത നാശവും സംഭവിക്കുന്നു.
പലരും അപകടാവസ്ഥ കാരണം വീടൊഴിഞ്ഞു പോയതായും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ ഏഴിന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി ജില്ല കലക്ടറോട് എന്വയണ്മെന്റല് ക്ലിയറന്‍സ് നിർദേശിച്ച വ്യവസ്ഥകളുടെ ലംഘനത്തില്‍ നടപടികളെടുക്കാനാവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഭരണസമിതി പറഞ്ഞു.
ക്വാറിയുടെ ഖനനാനുമതി വ്യവസ്ഥകളില്‍ 17 പ്രത്യേക വ്യവസ്ഥകളും ലംഘിച്ചിരിക്കയാണ്. പ്രവര്‍ത്തനം നടക്കുന്ന 200 മീറ്റർ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ സ്വീകരിക്കേണ്ട മാനദണ്ഡവും പാലിച്ചിട്ടില്ല. ക്വാറി വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്ത് നിർമിക്കേണ്ട പ്രൊട്ടക്ഷന്വാള് ഇതുവരെ നിര്‍മിച്ചിട്ടില്ല. തുടർന്നാണ് പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം കൈക്കൊണ്ടത്.
കീഴരിയൂർ: പഞ്ചായത്തിലെ വടക്കുംമുറി നിവാസികളുടെ സ്വൈരജീവിതത്തിന് പ്രയാസം വരുത്തിയ തങ്കമല ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര യോഗം ഐകകണ്ഠ്യേന തീരുമാനമെടുത്തതിനെ യു.ഡി.എഫ് സ്വാഗതംചെയ്തു. ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജനപക്ഷ പ്രക്ഷോഭം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തിരക്കുപിടിച്ച തീരുമാനം ഭരണസമിതി കൈക്കൊണ്ടത്.
ക്വാറിക്ക് ലൈസൻസ് നൽകിയ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഖനനത്തിനെതിരെ റിലേ സമരം നടത്തുന്നത് പ്രദേശവാസികൾക്കിടയിൽ ചർച്ചയായിരുന്നു. 2024 മേയ് മാസത്തിലാണ് ലൈസൻസ് നൽകിയത്. 2027 ജനുവരി വരെയാണ് കാലാവധി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭംഗം വരുത്തി ഭീകരമായ പ്രകൃതിദുരന്തത്തിന് സാഹചര്യമൊരുക്കുന്ന തരത്തിൽ വേണ്ടത്ര ആലോചനയില്ലാതെയാണ് പഞ്ചായത്ത് രണ്ട് മാസം മുമ്പ് ലൈസൻസ് നൽകിയതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. യു.ഡി.എഫ് സമരം പരിഗണിച്ച് ലൈസൻസ് റദ്ദാക്കിയ നടപടിയെ പഞ്ചായത്ത് ഭാരവാഹികളായ ടി.യു. സൈനുദ്ദീൻ, ഇടത്തിൽ ശിവൻ എന്നിവർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.