കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചു നൽകിയവരെ തേടി അന്വേഷണ സംഘം. എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കാനുപയോഗിച്ച പ്രത്യേക സോഫ്റ്റ്വെയർ മലപ്പുറത്തെയും കോഴിക്കോട്ടെയും കമ്പനികളിൽ വികസിപ്പിച്ചതാണെന്ന് വിവരം ലഭിച്ചതിനെ തുർന്ന് കഴിഞ്ഞ ദിവസം മാങ്കാവിലെയും വേങ്ങരയിലെയും സ്ഥാപനങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ലഭ്യമായ വിവരങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതേസമയം ഒളിവിലുള്ള പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതികൾ എവിടെയാണുള്ളതെന്ന വിവരമൊന്നും ലഭിച്ചില്ല. ഒന്നുരണ്ടുപേർ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.
അതേസമയം ഇവരിൽ ചിലർ മറ്റു തട്ടിപ്പുകൾക്കു ശ്രമിച്ചതിന്റെ സൂചനകൾ ചിലർ അന്വേഷണസംഘത്തിന് ലഭിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി. ഷബീർ (45), ബേപ്പൂർ സ്വദേശി പി. അബ്ദുൽ ഗഫൂർ (45), പൊറ്റമ്മൽ സ്വദേശി എം.ജി. കൃഷ്ണപ്രസാദ് (34), മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവർക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികൾക്കെതിരെ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നും ഉൾപ്പെടെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയും അന്വേഷണ സംഘം തുടങ്ങി. ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽ നിന്ന് സിം ബോക്സ് ഉൾപ്പെടെ ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളും കണ്ടെത്തതിനുപിന്നാലെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെ അറസ്റ്റുചെയ്യുകയുമുണ്ടായി. പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റുചെയ്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കടക്കമാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.