കോഴിക്കോട്: ട്രെയിനുകൾ റദ്ദാക്കിയതോടെ മലബാർ മേഖലയിലെ യാത്രക്കാർക്ക് ദുരിതപർവം. ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കാണ് ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തത്. പൊതുവേ ദുരിതയാത്രകൊണ്ട് വലയുന്ന മലബാർ മേഖലയിൽ ഇതോടെ കടുത്ത ദുരിതമായി.
വേനലവധി കഴിയാറായപ്പോൾ ഇരുട്ടടിപോലെ ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ കുടുക്കി. മലബാറിലെ യാത്രക്കാർ പ്രധാനമായി ആശ്രയിക്കുന്ന കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ്, മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് എന്നിവ റദ്ദു ചെയ്തവയിൽപെടുന്നു. വേണാട് എക്സ്പ്രസ്, മംഗള സൂപ്പർഫാസ്റ്റ്, എറണാകുളം-പാലക്കാട് മെമു, കണ്ണൂർ-എറണാകുളം എക്സ്പ്രസ് തുടങ്ങിയവ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
ഇതോടെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യാൻ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയായി.
യാത്രാദുരിതം പരിഹരിക്കാൻ അധിക ബസുകൾ ഓടിക്കാനും ബദൽ സംവിധാനമേർപ്പെടുത്താനും കെ.എസ്.ആർ.ടി.സി അധികൃതർ തയാറാവാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. കടലുണ്ടി ദുരന്തമുണ്ടായി പാലം തകർന്ന അവസരത്തിൽ റെയിൽവേയും കെ.എസ്.ആർ.ടി.സിയും യോജിച്ച് റിസർവ് ചെയ്ത് യാത്രക്കാർക്ക് സൗജന്യമായി ബസ് സർവിസ് ഏർപ്പെടുത്തിയതുപോലെ ബദൽ മാർഗങ്ങൾ ഇത്തവണയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.