കോഴിക്കോട്: കോവിഡ് കേസുകൾക്കൊപ്പം കോവിഡിതര കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ കിടക്കാൻപോലും ഇടമില്ലാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ശ്വാസം മുട്ടുന്നു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങളുമായി നിരവധി പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ശരാശരി 1800ഓളം പേർ കോവിഡിതര ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്. 1100ഓളം പേർ അഡ്മിറ്റുണ്ട്. ദിവസവും 200ഓളം കോവിഡിതര അഡ്മിഷൻ നടക്കുന്നുണ്ടെന്നും അതിൽ ഭൂരിഭാഗവും കോവിഡാനന്തര പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. 42 ഐ.സി.യു കിടക്കകളും 50 വെൻറിലേറ്ററുകളുമാണ് മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കോവിഡിതര രോഗികൾക്കാണെങ്കിൽ 198 ഐ.സി.യു കിടക്കകളും 51 വെൻറിലേറ്ററുകളുമാണുള്ളത്.
എന്നാൽ, നിലവിൽ 61 കോവിഡ് രോഗികൾ അതി ഗുരുതരാവസ്ഥയിൽ ഐ.സി.യു വെൻറിലേറ്റർ പിന്തുണയോടെ മെഡിക്കൽ കോളജിലുണ്ട്. പല രോഗികളും ഗുരുതരാവസ്ഥയിൽ കഴിയവെതന്നെ കോവിഡ് നെഗറ്റിവ് ആകുന്നുണ്ടെങ്കിലും അവർക്ക് കോവിഡിതര ഐ.സി.യു- വെൻറിലേറ്റർ സൗകര്യം നൽകേണ്ടിവരുന്നു. ഓക്സിജൻ പിന്തുണ ആവശ്യമുള്ള രോഗികൾ രണ്ടും മൂന്നും ആഴ്ചയിലേറെ ആശുപത്രിയിൽ കഴിയുന്നതുമൂലം പുതുതായി വരുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് കിടക്ക ലഭിക്കാത്ത അവസ്ഥയാണ്.
പലരും അടിയന്തര ചികിത്സ നടത്തേണ്ട അത്യാഹിത വിഭാഗത്തിൽതന്നെ രണ്ടും മൂന്നും ദിവസം കഴിയുകയാണ്. ശരാശരി 600 പേർ അത്യാഹിത വിഭാഗം ഒ.പിയിൽ എത്തുന്നുണ്ട്. അതിൽ ഭൂരിഭാഗവും അഡ്മിഷൻ ആവശ്യമുള്ളവരും ആണ്. ഇതുമൂലം കോവിഡ് കാലത്തും അത്യാഹിത വിഭാഗത്തിലെ ഓരോ കിടക്കയിലും രണ്ടും മൂന്നും പേർ കിടക്കേണ്ടിവരുന്നു.
കോവിഡാനന്തര പ്രശ്നങ്ങളിൽ ശ്വാസസംബന്ധമായ പ്രശ്നങ്ങളാണ് ഗുരുതരമായിട്ടുള്ളത്. മെഡിസിൻ വാർഡുകളിൽ അഡ്മിഷൻ വേണ്ടിവരുന്ന രോഗികളാണുള്ളത്. മെഡിസിൻ വാർഡുകളിൽ നാലെണ്ണം കോവിഡ് രോഗികൾക്കും നാലെണ്ണം കോവിഡിതര രോഗികൾക്കുമാണ്. ഓക്സിജൻ സൗകര്യമുള്ള കിടക്കകളെല്ലാം കോവിഡ് രോഗികൾക്കായതിനാൽ അല്ലാത്ത രോഗികൾ പ്രയാസപ്പെടുകയാണ്.
കോവിഡ് ആശുപത്രിയാക്കിയ പി.എം.എസ്.എസ്.വൈയിൽ 140 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ കോളജിൽനിന്ന് കുറച്ച് കോവിഡ് രോഗികളെ പി.എം.എസ്.എസ്.വൈയിലേക്ക് മാറ്റുമ്പോഴേക്കും പുതിയ രോഗികൾ നിറയുകയാണെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.