മെഡിക്കൽ കോളജിൽ രോഗികളെ വരാന്തയിലേക്ക് മാറ്റിയെന്ന് പരാതി

കോഴിക്കോട്: മെഡിക്കൽ കോളജിൽ പി.ജി വിദ്യാർഥികളുടെ പരീക്ഷക്കായി രോഗികളെ വരാന്തയിലേക്ക് മാറ്റിയെന്ന് പരാതി. ഓർത്തോപീഡിക് പത്താം വാർഡിലെ രോഗികളെയാണ് മാറ്റിയത്. രോഗികളുടെ കൂട്ടിരിപ്പുകാരെ വ്യാഴാഴ്ച രാവിലെതന്നെ പുറത്തേക്കയച്ചിരുന്നു.

ഇതിനുശേഷമാണ് രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ഇതേതുടർന്ന്, അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന രോഗികളും ശസ്ത്രക്രിയ കഴിഞ്ഞവരും പരസഹായം ആവശ്യമുള്ള രോഗികളും അടക്കമുള്ളവർ ബുദ്ധിമുട്ടിലായി എന്നുമാത്രമല്ല, മാറ്റുന്ന സമയത്ത് സഹായത്തിന് ആരുമില്ലാതെ കഷ്ടപ്പെടേണ്ടിയുംവന്നു എന്നാണ് പരാതി.

പി.ജി വിദ്യാർഥികളുടെ പരീക്ഷക്കുവേണ്ടി കുറച്ചുസമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഓർത്തോപീഡിക് വിദ്യാർഥികളുടെ പ്രാക്ടിക്കൽ ക്ലിനിക്കൽ പരീക്ഷക്കുവേണ്ടി രോഗികളെ പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകുകയായിരുന്നു പതിവെന്നും ഹാൾ ഒഴിവില്ലാത്തതിനാലാണ് പരീക്ഷ വാർഡിൽ നടത്തേണ്ടിവന്നതെന്നും അധികൃതർ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.