കോഴിക്കോട്: മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് സീറ്റ് കിട്ടാത്ത വിദ്യാർഥികളുടെ ദുരിതം തുടരുമ്പോഴും പുറത്ത് പ്രതിഷേധസമരങ്ങൾ ശക്തിയാർജിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സർക്കാറിനെതിരെയുള്ള സമരം ശക്തിപ്പെടുത്തുകയാണ്.
ജില്ലയിൽ സയൻസ് വിഭാഗത്തിൽ 19,765 സീറ്റാണ് ഉള്ളത്. എ പ്ലസ് നേടിയവർ 8563 മാത്രമേയുള്ളൂവെന്നും സയൻസ് വിഭാഗത്തിൽ 11,202 സീറ്റുകൾ ബാക്കിയാണെന്നുമുള്ള ബാലിശമായ കണക്കാണ് പുറത്തുവിടുന്നത്. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ 20 ശതമാനം മാനേജ്മെന്റ് ക്വോട്ടയും കമ്യൂണിറ്റി സംവരണമുള്ള സ്കൂളുകളിലെ 20 ശതമാനവും സംവരണം പോകും.
സ്കൂളിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും ഗ്രേസ് മാർക്കും ഇഷ്ടപ്പെട്ട സ്കൂളുകളിൽ അപേക്ഷ നൽകിയ എ പ്ലസുകാർക്ക് തിരിച്ചടിയായി. മാർക്ക് കുറഞ്ഞവർപോലും സംവരണം നേടിയത് കണക്കാക്കപ്പെടാതെയാണ് സീറ്റുകളുടെ എണ്ണം സംബന്ധിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്. സ്പോർട്സ്, ഭിന്നശേഷിക്കാർ എന്നീ ക്വോട്ടകളും പരിഗണിക്കുമ്പോൾ ഉയർന്ന മാർക്കു വാങ്ങിയവർ പിന്നിലാവുകയാണ്.
മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ സീറ്റ് ലഭിക്കാതെ 13,941 പേരുണ്ട്. 31,389 കുട്ടികളാണ് ഇതുവരെ പ്രവേശനം നേടിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം മെറിറ്റിൽ ഇനി ബാക്കിയുള്ളത് 17 സീറ്റുകള്‍ മാത്രം. ജില്ലയില്‍നിന്ന് 48,156 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. പുതിയ ബാച്ചുകളോ സീറ്റ് വർധനയോ അനുവദിച്ചില്ലെങ്കിൽ ജില്ലയിൽ 7679 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കില്ല.
കഷ്ടപ്പാടിന്റെ പാരമ്യത്തിൽ നേടിയ എ പ്ലസിന് വിലയില്ലാതായതോടെ സങ്കടം വീട്ടിലിരുന്ന് കരഞ്ഞുതീർക്കാനും ആശങ്കപ്പെടാനുമല്ലാതെ മറ്റൊന്നിനും കഴിയാതെ വിദ്യാർഥികൾ നീറുകയാണ്.
തങ്ങളെക്കാൾ മാർക്ക് കുറഞ്ഞവർ മാനേജ്മെന്റ് ക്വോട്ടയിലും കമ്യൂണിറ്റി ക്വോട്ടയിലും സീറ്റ് തരപ്പെടുത്തിയ വിവരമറിയുന്നതോടെ സീറ്റ് ലഭിക്കാത്തവരുടെ ദുഃഖത്തിന് ഇരട്ടി പുകച്ചിലാണ്. പല കുട്ടികളും നിരാശമൂലം പുറത്തിറങ്ങാതെ വീടകങ്ങളിൽ കഴിച്ചുകൂട്ടുന്നത് രക്ഷിതാക്കളുടെയും സ്വസ്ഥത കെടുത്തുകയാണ്.
സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മാനസിക സംഘർഷമനുഭവിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും എണ്ണം കൂടിവരുകയാണ്. നിരാശക്കടിപ്പെട്ട് കൗൺസലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി സൈക്കോളജിസ്റ്റ് അനൂപ് അവതാർ പറഞ്ഞു. സയൻസ് വിഭാഗത്തിൽ പഠനം തുടരാൻ ആഗ്രഹിച്ച വിദ്യാർഥികളാണ് ഏറെയും സങ്കടക്കടലിലായിരിക്കുന്നത്.
കോഴിക്കോട്: ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തുടർപഠനത്തിന് ആവശ്യമായ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ആർ.ഡി.ഡി ഓഫിസ് പിക്കറ്റിങ് നടത്തി. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കള്ളക്കണക്കുകൾ നിരത്തി ജനങ്ങളെയും വിദ്യാർഥികളെയും വിഡ്ഢികളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി വിഷയാവതരണം നടത്തി. ജില്ല ഓർഗനൈസിങ് ജനറൽ സെക്രട്ടറി എ.പി. നാസർ, സെക്രട്ടറിമാരായ പി.ടി. അഹമ്മദ്, കെ. ഷമീർ, ജില്ല കമ്മിറ്റി അംഗങ്ങളായ പി.ടി. അബ്ദുൽ ഖയ്യൂം, ശറഫുദ്ദീൻ വടകര, അസീസ് മാസ്റ്റർ, എം.എ. സലീം, മുഹമ്മദ് ഷിജി, പി. റഷീദ്, സക്കരിയ, സഹദ് മായനാട്, ഇ.പി. റസാഖ്, സി.പി. ഷമീർ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി, പുതിയ ബാച്ചുകളും ഹയർ സെക്കൻഡറി സ്കൂളുകളുമാണ് പരിഹാരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഡി ഓഫിസ് ഉപരോധിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ല പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജില്ല ജനറൽ സെക്രട്ടറി റഈസ് കുണ്ടുങ്ങൽ, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, മുബഷിർ ചെറുവണ്ണൂർ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ജില്ലയിലെ 16,750 കുട്ടികൾക്ക് പ്ലസ് വണിന് പഠിക്കാൻ സീറ്റില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.