കോഴിക്കോട്: നഗരത്തിലെ ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. പയ്യന്നൂർ സ്വദേശി അശോക് കുമാറിനെയാണ് സിറ്റി പൊലീസ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.
ചൊവ്വാഴ്ച വീട്ടിൽനിന്ന് ജോലിക്കെന്നുപറഞ്ഞുപോയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പയ്യന്നൂർ പൊലീസിൽ വിവരം അറിയിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നഗരത്തിലുണ്ടെന്ന് വ്യക്തമായതോടെ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ആമോസ് മാമനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മാവൂർ റോഡിലെ എൻ.സി.കെ. ടൂറിസ്റ്റ് ഹോമിൽ ഉണ്ടെന്ന് വ്യക്തമായി.
കൺട്രോൾ റൂം എസ്.ഐ സി.ആർ. മനോജിന്‍റെയും നടക്കാവ് എസ്.ഐ അബ്ദുൽ കലാമിന്‍റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പത്തരയോടെ ലോഡ്ജിലെത്തി ഇയാളെടുത്ത മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. വാതിൽ പൊളിച്ചപ്പോഴാണ് അശോക് കുമാർ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ടത്. തുടർന്ന് പൊലീസ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.