കോഴിക്കോട്: നഗരപരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി ആംഗ്യഭാഷയിൽ പ്രാവീണ്യം നേടിയവരും. സിറ്റി പൊലീസ് ചേവായൂരിലെ കോമ്പോസിറ്റ് റീജനൽ സെന്ററുമായി (സി.ആർ.സി) ചേർന്നാണ് ഉദ്യോഗസ്ഥർക്ക് ആംഗ്യഭാഷയിൽ പരിശീലനം നൽകിയത്. ആദ്യഘട്ടത്തിൽ മുഴുവൻ സ്റ്റേഷനുകളിലെയും പി.ആർ.ഒമാർക്കും വനിത ഡെസ്ക്കിലെ ഒരാൾക്കുമാണ് പരിശീലനം നൽകുന്നത്. സംസാരശേഷിയില്ലാത്തവർ പൊലീസ് സ്റ്റേഷനുകളിലെത്തുമ്പോഴുള്ള ബുദ്ധുമുട്ടുകൾ പരിഹരിക്കുന്നതിനായാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്.
ആദ്യഘട്ടത്തിൽ നാലുപേർക്കാണെങ്കിലും പിന്നീട് കൂടുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനാണ് ആലോചന. കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർക്ക് പത്തുദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സും നൽകും. ആദ്യ ബാച്ചിന്റെ പരിശീലനം സിറ്റി പൊലീസ് മേധാവി എ. അക്ബർ ഉദ്ഘാടനം ചെയ്തു.
സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ് മുഖ്യാതിഥിയായിരുന്നു. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി അധ്യക്ഷത വഹിച്ചു. പുളിക്കൽ എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ ഹിയറിങ് ഇംപയേഡ് പ്രിൻസിപ്പൽ എം. നസീം സംസാരിച്ചു. സി.ആർ.സി റിഹാബിലിറ്റേഷൻ ഓഫിസർ പി.വി. ഗോപിരാജ് സ്വാഗതവും ക്ലിനിക്കൽ അസിസ്റ്റന്റ് പി. ലക്ഷ്മിദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.