വടകര: മർമചികിത്സ ഔഷധച്ചെടികൾ സംരക്ഷിക്കുന്നതിനുള്ള മർമാണി തോപ്പ് പദ്ധതിക്ക് വടകര നഗരസഭ രൂപം നൽകി. കളരി അഭ്യാസങ്ങൾക്കും ചികിത്സക്കും പേരുകേട്ട വടകരയിൽ മരുന്നുകൂട്ടുകൾക്കുള്ള ഔഷധച്ചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് പദ്ധതിക്ക് രൂപം നൽകിയത്. 10 സെന്റ് സ്ഥലം നീക്കിവെക്കാനാകുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഒരു യൂനിറ്റ് തോപ്പ് ഒരുക്കുന്നതിന് തവണകളായി 2000 രൂപ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൽകും.
പ്രാദേശിക ഉപയോഗത്തിന് പുറമെ ആയുർവേദ മരുന്ന് നിർമാതാക്കളുമായും ബന്ധപ്പെട്ട് വിപണനം ഉറപ്പാക്കും. പദ്ധതിയുടെ ആദ്യപടിയായി നഗരസഭ കൗൺസിലർമാർക്കും തൊഴിലുറപ്പ് മേറ്റുമാർക്കും ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ എ.പി. പ്രജിത, സിന്ധു പ്രേമൻ, ടി.കെ. പ്രഭാകരൻ, സി.വി. പ്രതീശൻ, വി.കെ. അസീസ്, സി.കെ. കരീം, അബ്ദുൾ ഹക്കിം എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. പി. സജീവ് കുമാർ സ്വാഗതവും പി. വിജയി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.